കശ്മീർ: 4 ഭീകരരെ വധിച്ചു; ജവാന് വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിൽ 4 ഹിസ്ബുൽ മുജാഹിദീൻ ഭീകരർ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സൈനിക നടപടിക്കിടയിൽ പ്രത്യേക സേനയിലെ എച്ച്.സി. വിജയ് വീരമൃത്യു വരിച്ചു. 2 ജവാന്മാർക്കു പരുക്കേറ്റു.

സൂചനയെത്തുടർന്നു സൈനികർ ഷോപിയാൻ നദിഗാം മേഖലയിൽ തിരച്ചിൽ നടത്തുമ്പോൾ ഭീകരർ വെടിവയ്പാരംഭിച്ചു. സൈനികർ ശക്തമായി തിരിച്ചടിച്ചു. ഇതിനിടെ മാരകമായി പരുക്കേറ്റ വിജയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് ഒട്ടേറെ ആയുധങ്ങൾ കണ്ടെടുത്തു.

ഇതിനിടെ, പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയിൽ ഉടനീളം പാക്ക് സൈന്യം നടത്തിയ ഷെൽ വർഷത്തിൽ 2 സൈനികർക്കു പരുക്കേറ്റു.  ഒരു ഷെൽ പൂഞ്ച് പട്ടണ മധ്യത്തിലാണു വീണത്. ആക്രമണം രൂക്ഷമായതിനെ തുടർന്നു നിയന്ത്രണരേഖയോടു ചേർന്നു കിടക്കുന്ന ചില മേഖലകളിൽ സ്കൂളുകൾ അടച്ചു.