റഷ്യൻ സാങ്കേതിക സഹായത്തിൽ ഗോവയിൽ യുദ്ധക്കപ്പൽ നിർമിക്കും

പുടിൻ,മോദി

ന്യൂഡൽഹി ∙ എസ് 400 മിസൈൽ ഇടപാടുമായി ബന്ധപ്പെട്ട് യുഎസ് ഉപരോധഭീഷണി നിലനിൽക്കെ, നാവികസേനയ്ക്കായി 2 ചെറു യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള 3572 കോടി രൂപയുടെ കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടു. റഷ്യ നൽകുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗോവ കപ്പൽശാലയിൽ ഇവ നിർമിക്കും.

6972 കോടി രൂപയ്ക്കു 2 യുദ്ധക്കപ്പലുകൾ റഷ്യയിൽനിന്നു നേരിട്ടു വാങ്ങാൻ കഴിഞ്ഞ ഒക്ടോബറിൽ ധാരണയായതിന്റെ പിന്നാലെയാണ് രണ്ടെണ്ണം കൂടി നിർമിക്കാനുള്ള നീക്കം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകളാണു കരാറിലേക്കു നയിച്ചത്. ഗോവ കപ്പൽശാലയും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള റോസോൺബോറോൺ എക്സ്പോർട്ടുമാണ് കരാറിൽ ഒപ്പുവച്ചത്. കപ്പലുകളുടെ നിർമാണം 2020 ൽ ആരംഭിക്കും.

ആദ്യ കപ്പൽ 2026 ൽ സേനയുടെ ഭാഗമാകും. രണ്ടാമത്തേത് 2027 ലും. തൽവാർ വിഭാഗത്തിലുള്ള യുദ്ധക്കപ്പലുകളിൽ ബ്രഹ്മോസ് മിസൈൽ സജ്ജമാക്കാനാകും. ശത്രു വിമാനങ്ങൾ, കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയെ ലക്ഷ്യമിടാം.

മിസൈൽ കരാറും കൈക്കലാക്കാൻ റഷ്യ

കരസേനയ്ക്കായി ഹ്രസ്വദൂര മിസൈൽ സംവിധാനം (വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് മിസൈൽ) വാങ്ങാനുള്ള കരാറും റഷ്യ നേടിയേക്കും. ആഗോള ടെൻഡറിൽ കുറഞ്ഞ തുകയ്ക്കു നൽകാമെന്നേറ്റ റഷ്യൻ കമ്പനി സ്വീഡൻ, ഫ്രഞ്ച് കമ്പനികളെ കടത്തിവെട്ടി. റഷ്യൻ നിർമിത ഇഗ്ല – എസ് മിസൈലിനായി കരാറൊപ്പിട്ടേക്കുമെന്നു പ്രതിരോധ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 2012 ലാണ് ഇന്ത്യ ആഗോള ടെൻഡർ ക്ഷണിച്ചത്.

തോളിൽ വച്ചു വിക്ഷേപിക്കുന്ന മിസൈലിനു വിമാനങ്ങൾ, ഹെലികോപ്്റ്റർ ഡ്രോണുകൾ എന്നിവയെ ലക്ഷ്യമിടാനാവും.  പരമാവധി ദൂരപരിധി 6 കിലോമീറ്റർ. 3 കിലോമീറ്റർ വരെ ഉയരത്തിലുള്ള ലക്ഷ്യങ്ങൾ‍ തകർക്കാം.