സൊഹ്റാബുദീൻ കേസ്: മുഖ്യ സൂത്രധാരൻ അമിത് ഷായെന്ന് മൊഴി

മുംബൈ ∙ സൊഹ്റാബുദീൻ ഷെയ്ഖ്, തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും 3 ഐപിഎസ് ഉദ്യോഗസ്ഥരുമായിരുന്നു മുഖ്യസൂത്രധാരന്മാരെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ് താംഗഡെ സിബിഐ കോടതിയിൽ  മൊഴി നൽകി. എന്നാൽ  തന്റെ ആരോപണം സ്ഥാപിക്കാനുളളരേഖാമൂലമായ തെളിവുകൾ സമർപ്പിക്കാൻ  അദ്ദേഹത്തിനു കഴിഞ്ഞില്ല.

അമിത് ഷാ, മുൻ ഡിഐജി ഡി.ജി.വൻസാര, ഇന്റലിജൻസ് ബ്യൂറോ എസ്പി രാജ്കുമാർ പാണ്ഡ്യൻ, രാജസ്ഥാൻ പൊലീസിലെ ഐപിഎസ് ഓഫിസർ എം.എൻ. ദിനേശ് എന്നിവർക്കെതിരെയാണു താംഗഡെയുടെ പരാമർശം. ഇവർ നാലുപേരെയും വിചാരണക്കോടതി  കുറ്റവിമുക്തരാക്കിയിരുന്നു. 

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരിക്കെ അമിത് ഷാ, സൊഹ്റാബുദീനെയും പ്രജാപതിയെയും കെട്ടിടനിർമാതാവിനെതിരെ വെടിയുതിർക്കാൻ നിയോഗിച്ചതിനു തെളിവുണ്ടെന്നും താംഗഡെ വെളിപ്പെടുത്തി. 

സിബിഐയുടെ മുൻ എസ്പി ആയ താംഗഡെയെയാണ് സൊഹ്റാബുദീൻ കേസിലെ അധികകുറ്റപത്രവും പ്രജാപതി കേസിലെ കുറ്റപത്രവും തയാറാക്കിയിരുന്നത്.

അമിത് ഷായ്ക്കെതിരെ രാഹുൽ

ന്യൂഡൽഹി ∙ തുൾസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സന്ദീപ് താംഗഡെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബിജെപി പ്രസിഡന്റ് അമിത് ഷായെ വിമർശിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. വ്യാജ ഏറ്റുമുട്ടലിൽ അമിത് ഷാ ഗൂഢാലോചന നടത്തിയതു സംബന്ധിച്ച സന്ദീപിന്റെ വെളിപ്പെടുത്തൽ ആധാരമാക്കിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. സത്യം മറച്ചുവയ്ക്കാനാവില്ലെന്നും ബിജെപിക്ക് അമിത് ഷായെപ്പോലൊരു വ്യക്തിയെ പ്രസിഡന്റായി ലഭിച്ചത് ഉചിതമാണെന്നും രാഹുൽ പരിഹസിച്ചു.