ഉറപ്പുകൾ എഴുതിവാങ്ങി; സമരം പിൻവലിച്ച് മഹാരാഷ്ട്ര കർഷകർ

ലക്ഷ്യം കാണും വരെ: വായ്പ എഴുതിത്തള്ളണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചു കർഷകർ നടത്തിയ റാലി മുംബൈയിലേക്ക് എത്തിച്ചേരുന്നു. പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്നു മഹാരാഷ്ട്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്നു സമരം പിൻവലിച്ചു. ചിത്രം: പിടിഐ

മുംബൈ ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മുംബൈയിലേക്കു മാർച്ച് നടത്തിയ കർഷകർ‍, പ്രശ്നങ്ങൾ പരിഹരിക്കാമെന്നു മഹാരാഷ്ട്ര സർക്കാർ രേഖാമൂലം ഉറപ്പുനൽകിയതിനെത്തുടർന്നു സമരം അവസാനിപ്പിച്ചു. ആദിവാസി കർഷകർക്കു കൃഷി ചെയ്യുന്ന വനഭൂമിയുടെ അവകാശം  ഡിസംബറിനകം നൽകാമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പേകി. 

മഹാരാഷ്ട്രയുടെ വിവിധ മേഖലകളിൽ നിന്നു സംഘടിച്ചെത്തിയ റാലിയിൽ ഇരുപതിനായിരത്തോളം പേരാണു പങ്കെടുത്തത്. ദക്ഷിണ മുംബൈയിൽ ആസാദ് മൈതാനത്തു തമ്പടിച്ച  ഇവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മുഖ്യമന്ത്രി പരിഹാരം വാഗ്ദാനം ചെയ്തെങ്കിലും രേഖാമൂലം ഉറപ്പില്ലാതെ സമരം നിർത്തില്ലെന്നു കർഷകർ നിലപാടെടുക്കുകയായിരുന്നു.

എട്ടു മാസത്തിനിടെ മുംബൈയിലേക്ക് എത്തിയ രണ്ടാമത്തെ വലിയ കർഷക റാലിയാണിത്. കഴിഞ്ഞ മാർച്ചിൽ കിസാൻ സഭ നടത്തിയ ലോങ് മാർച്ചിനു പിന്നാലെ നൽകിയ ഉറപ്പുകളേറെയും പാലിക്കാത്ത സാഹചര്യത്തിലാണ് ലോക് സംഘർഷ് മോർച്ചയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ റാലി. മഗ്സസെ പുരസ്കാര ജേതാവ് രാജേന്ദ്ര സിങ് റാലിയിൽ പങ്കെടുത്തു.