ഭീകരാക്രമണത്തിന് 10 വർഷം; ഓർമകളിൽ നടുങ്ങി മുംബൈ

ഓർമപ്പൂക്കൾ: മുംബൈ തീവ്രവാദി ആക്രമണത്തിന്റെ പത്താം വാർഷികദിനമായ ഇന്നലെ മുംബൈയിലെ രക്തസാക്ഷി മണ്ഡപത്തിൽ പൂക്കളർപ്പിക്കുന്ന ദിവ്യ സലാസ്കർ. ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ വിജയ് സലാസ്കറുടെ മകളാണ് ദിവ്യ. ചിത്രം: പിടിഐ

മുംബൈ ∙ ചോരപുരണ്ട ഓർമകളുമായി 26/11 ഭീകരാക്രമണത്തിന്റെ പത്താം വാർഷികം. ആക്രമണമുണ്ടായ കേന്ദ്രങ്ങളിലെയും വീരമൃത്യു വരിച്ച സേനാനികളുടെയും സ്മാരകങ്ങളിൽ പ്രത്യേക പ്രാർഥനകളും നഗരത്തിൽ പലയിടത്തും അനുസ്മരണ പരിപാടികളും നടന്നു. പൊലീസ് ജിംഖാനയിലെ 26/11 സ്മാരകത്തിൽ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. 

ലഷ്കർ ഇ-തയ്ബയുടെ നേതൃത്വത്തിൽ 2008 നവംബർ 26ന് ആരംഭിച്ച് മൂന്നു ദിവസം തുടർന്ന ഭീകരാക്രമണത്തിൽ 166 പേരാണു മരിച്ചത്. മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉൾപെടെ രണ്ട് എൻഎസ്ജി സേനാനികൾ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ദ് കർക്കരെ, അഡീഷനൽ പൊലീസ് കമ്മിഷണർ അശോക് കാംതെ, ഏറ്റുമുട്ടൽ വിദഗ്ധനായ വിജയ് സലാസ്കർ, പാക്ക് ഭീകരൻ അജ്മൽ കസബിനെ പിടികൂടിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാറാം ഓംബ്ലെ തുടങ്ങിയ മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥ‌രും വീരമൃത്യുവരിച്ചു.  

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളായ ഉണ്ണികൃഷ്ണനും ധനലക്ഷ്മിയും താജ് ഹോട്ടലിലും ഇന്നലെ വൈകിട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും നടത്തിയ അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു. സന്ദീപ് വീരമൃത്യു വരിച്ച താജിൽ തങ്ങുന്ന ഇവർ മകൻ മരണമടഞ്ഞ റസ്റ്ററന്റിൽ ഇന്നു പ്രാർഥനയർപ്പിക്കും. നാളെ മുംൈബയിലെ എൻഎസ്ജി ആസ്ഥാനം സന്ദർശിക്കും.

ആക്രമണമുണ്ടായ സിഎസ്ടി റെയിൽവേ സ്റ്റേഷൻ, ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടൽ, നരിമാൻ ഹൗസ്, ലിയോപോൾ കഫെ, കാമ ആശുപത്രി എന്നിവിടങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു. ജൂതരുടെ കേന്ദ്രമായ നരിമാൻ ഹൗസിൽ 26/11 സ്മാരകം തുറന്നു.