രാജസ്ഥാനിൽ അരക്കോടി തൊഴിലവസരങ്ങൾ: ബിജെപി പ്രകടനപത്രിക

ജയ്പുർ ∙ അടുത്ത 5 വർഷത്തിനകം സംസ്ഥാനത്ത് 51.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഒരു ലക്ഷം കോടി രൂപ കാർഷിക വായ്പയായി നൽകുമെന്നും ബിജെപി പ്രകടന പത്രിക. 21 വയസ്സിനു മുകളിലുള്ള വിദ്യാസമ്പന്നരായ തൊഴിൽ രഹിതർക്കു പ്രതിമാസം 5000 രൂപ വേതനമായി നൽകും.

മുഖ്യമന്ത്രി വസുന്ധര രാജെയും കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലിയും ചേർന്നാണു പ്രകടന പത്രിക പുറത്തിറക്കിയത്. 50 ലക്ഷം തൊഴിലവസരങ്ങൾ സ്വകാര്യമേഖലയിലാണു സൃഷ്ടിക്കുക. ജോധ്പുർ, ജലോർ എന്നിവിടങ്ങളിൽ വെള്ളമെത്തിക്കുന്ന ജവായ് ഡാമിൽ ജലലഭ്യത ഉറപ്പുവരുത്താനായി 6060 കോടി രൂപ, അറബിക്കടലിൽനിന്നു കനാൽ വെട്ടി സഞ്ചോറിലും ജലോറിലും തുറമുഖങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ബൃഹത് പദ്ധതികളും പട്ടികയിലുണ്ട്.

എല്ലാ വർഷവും 1000 കർഷകരെ ഇസ്രയേലിലോ മറ്റേതെങ്കിലും വിദേശരാജ്യത്തോ കൃഷിപഠനത്തിനായി കൊണ്ടുപോകുമെന്നും വാഗ്ദാനമുണ്ട്. 5 വർഷം ജനങ്ങളെ കാണാൻ തയാറാകാതിരുന്ന മുഖ്യമന്ത്രി വസുന്ധര രാജെ ഇപ്പോൾ പൊതുവേദികളിൽ പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കു മുന്നിൽ കുമ്പിടുകയാണെന്നു മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. മുൻമുഖ്യമന്ത്രിയുടെ പരാമർശം രാജ്യത്തെ സ്ത്രീകളെ ഞെട്ടിക്കുന്നതാണെന്നു വസുന്ധര പറഞ്ഞു. മുതിർന്നവർക്കു മുന്നിൽ കുമ്പിടുന്നതു ഹൈന്ദവ പാരമ്പര്യമാണ്. ഡിസംബർ ഏഴിനാണു തിരഞ്ഞെടുപ്പ്.