കർതാർപുർ ഇടനാഴി: പാക്ക് ചടങ്ങ് ഇന്ന്

കർതാർപുർ ഇടനാഴിയുടെ പാക്ക് ഭാഗത്തെ ശിലാസ്ഥാപനച്ചടങ്ങിൽ പങ്കെടുക്കാൻ പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദു വാഗ അതിർത്തി പോസ്റ്റിൽ എത്തിയപ്പോൾ.

അമൃത്‌സർ/ ലഹോർ ∙ ഇന്ത്യ– പാക്ക് ജനതകൾ തമ്മിലുള്ള സൗഹൃദത്തിന്റെ പുതിയ കണ്ണിയായ കർതാർപുർ ഇടനാഴി എത്രയും വേഗം തീർക്കാൻ ഇരുവശത്തും തിരക്കിട്ട നീക്കം. ഇന്ത്യൻ പക്ഷത്തെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചേർന്ന് നിർവഹിച്ചെങ്കിൽ ഇന്നാണ് പാക്ക് പക്ഷത്തെ ശിലാസ്ഥാപനം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർവഹിക്കുന്നത്.

പാക്കിസ്ഥാനിലെ ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദൽ, ഹർദീപ് സിങ് പുരി എന്നിവർ പങ്കെടുക്കുമെന്നു കരുതുന്നു. എങ്കിൽ 2 വർഷത്തിനുള്ളിൽ ആദ്യമായിട്ടായിരിക്കും ഇന്ത്യയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പാക്ക് മണ്ണിൽ കാലുകുത്തുന്നത്. പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവും ഇമ്രാന്റെ സുഹൃത്തുമായ നവ്ജോത് സിങ് സിദ്ദു ലഹോറിൽ എത്തിക്കഴിഞ്ഞു. ഇടനാഴിക്ക് അനന്തമായ സാധ്യതകളാണുള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത കുറയ്ക്കുമെന്നും സിദ്ദു പറഞ്ഞു. തന്നെ മുൻപ് വിമർശിച്ചവർക്കെല്ലാം മാപ്പ് നൽകുന്നുവെന്നും കുട്ടിയായിരിക്കുമ്പോൾ മുതൽ ഇമ്രാന്റെ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഗുരുദാസ്പുർ ജില്ലയിലുള്ള ദേരാ ബാബ നാനാക്കിൽ നിന്ന് പാക്കിസ്ഥാനിലെ നരോവാൾ ജില്ലയിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ‍‌ബന്ധിപ്പിക്കുന്ന 4 കിലോമീറ്റർ പാതയിലൂടെ വീസയില്ലാതെ ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകർക്ക് അവിടെയെത്താനാവും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വർഷം നദീതീരത്തുള്ള ഈ ഗുരുദ്വാരയിൽ താമസിച്ചിട്ടുണ്ട്. ഇവിടെ റയിൽവേ സ്റ്റേഷനു സ്ഥലം വിട്ടുകൊടുക്കാനും താമസസൗകര്യത്തിനു ഹോട്ടലുകളും മറ്റും സ്ഥാപിക്കുന്നതിനായി പണം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.