തെലങ്കാനയിൽ പോരാട്ടം; കോൺഗ്രസ് ക്യാംപിനെ നയിച്ച് ഉമ്മൻചാണ്ടി

ആന്ധ്ര പിസിസി പ്രസിഡന്റ് രഘുവീര റെഡ്ഡിക്കും മുൻ കേന്ദ്രമന്ത്രി പല്ലം രാജുവിനുമൊപ്പം ഉമ്മൻചാണ്ടി ഹൈദരാബാദിൽ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

രണ്ടായി. പക്ഷേ, പലതിലും തെലങ്കാനയും ആന്ധ്രയും ഒന്നാണ്. തിരഞ്ഞെടുപ്പായതോടെ ആന്ധ്രയിലെ നേതാക്കളെല്ലാം തെലങ്കാനയിലുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെ തെലുങ്കുദേശം നേതാക്കൾ ഹൈദരാബാദിലും പരിസരത്തുമായി കറങ്ങിത്തിരിയുന്നു. എഐസിസി പ്രവർത്തകസമിതിയംഗം ഉമ്മൻചാണ്ടിയും ഹൈദരാബാദിലുണ്ട്. ആന്ധ്രയിൽ ചുമതലയുള്ള ഉമ്മൻചാണ്ടിക്കെന്താണു തെലങ്കാനയിൽ കാര്യം?

ഇന്നലെ രാവിലെ ഷംസാബാദിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്ത സമ്മേളനമാണ് അതിന്റെ ഉത്തരം. തെലങ്കാനയിലെ അസംഘടിതരായിരുന്ന ചെറുകിട സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും ഏതാനും ആഴ്ചകൾ കൊണ്ടു കോൺഗ്രസിനു കീഴിൽ അണിനിരത്തിയാണ് ഉമ്മൻചാണ്ടി ‘മാജിക്’ കാണിച്ചത്. സമ്മേളനത്തിൽ, ഒതുങ്ങി മാറിയിരുന്ന ഉമ്മൻചാണ്ടിയെ വേദിയിലേക്കു പ്രസംഗിക്കാൻ നിർബന്ധിച്ചിറക്കിയത് രാഹുൽഗാന്ധിയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ജനങ്ങൾ കോൺഗ്രസ് സഖ്യത്തിനു വോട്ട് ചെയ്യുമെന്ന് ഉമ്മൻചാണ്ടി പ്രതീക്ഷിക്കുന്നു. നയിക്കാൻ നേതാവില്ലാത്ത പാർട്ടിയാണു തെലങ്കാനയിൽ കോൺഗ്രസ് എന്ന ആരോപണങ്ങളെ ഖണ്ഡിക്കാൻ പാർട്ടി സജ്ജമായി എന്നാണ് ഉമ്മൻചാണ്ടിയുടെ പക്ഷം. ഉച്ചയ്ക്ക് ഉമ്മൻചാണ്ടിയെക്കാണുമ്പോൾ ചുറ്റും ആൾക്കൂട്ടമായിരുന്നു.

എല്ലാവരോടും സംസാരിച്ചശേഷം മുറിയിലേക്കു നടക്കുമ്പോഴാണ് ആന്ധ്ര പിസിസി പ്രസിഡന്റ് രഘുവീര റെഡ്ഡി കാണാനെത്തിയത്. ചർച്ചയ്ക്ക് ഒപ്പം വരാൻ ക്ഷണിച്ച രഘുവീര റെഡ്ഡിയോട്, ‘രഹസ്യ ചർച്ചയാണ്, നിങ്ങൾ രണ്ടാളും മതി’ എന്നു പറഞ്ഞു ചിരിച്ച് മുൻ കേന്ദ്രമന്ത്രി പല്ലം രാജു പുറത്തെ സോഫയിലിരുന്നു.

തിരക്കൊഴിഞ്ഞ് എൻടിആർ ഭവൻ

കോൺഗ്രസ് പ്രതീക്ഷയിലാണെങ്കിലും സഖ്യകക്ഷിയായ ടിഡിപിക്ക് അത്ര ആവേശം കാണാനില്ല. ടിഡിപിയുടെ സിറ്റിങ് എംഎൽഎമാരിൽ പലരും എൻടിആർ ഭവനിലെ കനത്ത സുരക്ഷാവലയത്തിനുള്ളിലും പിര‍ിമുറുക്കത്തിലാണ്. തെലുങ്ക് സിനിമകളിലെ കൊട്ടാരം പോലുള്ള വലിയ മാളികയ്ക്കു മുന്നിലെ എൻടിആർ പ്രതിമ മാത്രമേ ഈ മതിൽക്കെട്ടിനുള്ളിൽ ചിരിക്കുന്ന മുഖവുമായുള്ളൂ. വരുന്നവർക്കെല്ലാം ഭക്ഷണം നൽകി വിടാനാണു നിർദേശം. അതിന്റെ കൂപ്പൺ വാങ്ങാൻപോലും അധികമാരും ഈ കവാടം കടന്നെത്തുന്നില്ല.