നോട്ടുനിരോധനം: കേന്ദ്ര നടപടിക്കെതിരെ മുൻ മുഖ്യ തിരഞ്ഞെടുപ്പു ക‌മ്മിഷണർ

ഒ.പി. റാവത്ത്

ന്യൂഡൽഹി ∙ നോട്ടുനിരോധനം ഇന്ത്യയെ പിന്നോട്ടടിച്ചെന്ന് ആരോപിച്ച രഘുറാം രാജനും അരവിന്ദ് സുബ്രഹ്മണ്യനും പിന്നാലെ മുൻ മുഖ്യ തിരഞ്ഞെടുപ്പു ക‌മ്മിഷണർ ഒ.പി. റാവത്തും കേന്ദ്ര നടപടിക്കെതിരെ രംഗത്ത്. നോട്ടുനിരോധനം നടപ്പാക്കിയ ശേഷവും തി‌രഞ്ഞെടുപ്പുകളിൽ കള്ളപ്പണം വ്യാപകമായിരുന്നുവെന്നും നി‌രോധനം ഒരുത‌രത്തിലും ബാധിച്ചിട്ടില്ലെന്നും കണക്കുകൾ ഉദ്ധരിച്ച് റാവത്ത് തുറന്നടിച്ചു. ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് റാവത്തിന്റെ വെളിപ്പെടുത്ത‌ൽ.

‘നോട്ടുനിരോധനത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മുൻപുള്ളതിനേക്കാൾ കള്ളപ്പണം പിടിച്ചെടുത്തു. തിര‌ഞ്ഞെടുപ്പു പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലും വൻതോതിലാണു കള്ളപ്പണം പിടിക്കപ്പെട്ടത്. നോട്ടുനിരോധനം ക‌ള്ളപ്പണത്തിന്റെ സ്വ‌ാധീനം കുറയ്ക്കുമെന്നു പൊതുവിശ്വാസമുണ്ടായിരുന്നു. ഇതു സംഭവിച്ചിട്ടില്ല’ – റാവത്ത് പറഞ്ഞു. റിസർവ് ബാങ്ക് ഗവർണറായി വിരമിച്ച രഘുറാം രാജനും പ്ര‌‌ധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനും നോട്ടുനിരോധനം പരാജയമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു നോട്ടുനിരോധനം കടുത്ത ആഘാതം ഉണ്ട‌ാക്കിയെന്നും നടപടിക്കു ശേഷം വളർച്ചാനിരക്ക് 8 ശതമാനത്തിൽ നിന്ന് 6.8ലേക്ക് താഴ്ന്നതായും അരവിന്ദ് സുബ്രഹ്മണ്യൻ വെളിപ്പെടുത്തിയിരുന്നു. നോട്ടുനിരോധന‌വും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പി‌‌ന്നോട്ടടിച്ചെന്നാണ് രഘുറാം രാജൻ അഭിപ്രായപ്പെട്ടത്. ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷമാണു മൂവരും കേന്ദ്ര സർക്കാരിന്റെ സുപ്രധാന സാമ്പത്തിക നടപട‌ിയെ വിമർശിച്ചു രംഗത്തെത്തിയതെന്നതും ചർച്ചയായികഴിഞ്ഞു.