ജാഗ്വർ ഇടപാട്: ഇടനിലക്കാരനായത് ക്രിസ്റ്റ്യൻ മിഷേലിന്റെ അച്ഛൻ

ന്യൂഡൽഹി∙ അഗസ്റ്റ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ അച്ഛൻ വുൾഫ്ഗാങ് മാക്സ് മിഷേലും ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകളിലെ ഇടനിലക്കാരൻ. ജാഗ്വർ യുദ്ധവിമാനം വാങ്ങുന്നതിന് യുകെയുമായി ഇന്ത്യ നടത്തിയ ഇടപാടിൽ അദ്ദേഹം ഇടനിലക്കാരനായിരുന്നുവെന്നു സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവന്നു. 

1978 ൽ ലണ്ടൻ സന്ദർശിച്ച അന്നത്തെ പ്രതിരോധ മന്ത്രി ജഗ്‌ജീവൻ റാമിനു വിരുന്നൊരുക്കിയതും അദ്ദേഹത്തിന് ആഡംബരവസ്തുക്കൾ വാങ്ങാൻ പണം ചെലവഴിച്ചതും സംബന്ധിച്ച വുൾഫ്ഗാങ്ങിന്റെ സംഭാഷണരേഖകളാണ് യുകെ വിദേശകാര്യ വകുപ്പിന്റെ പക്കലുള്ളത്. ഇന്ത്യയിൽ സേവനമനുഷ്ഠിച്ച യുകെ ഡപ്യൂട്ടി ഹൈക്കമ്മിഷണർ എം.കെ. എവൻസിനോടു വുൾഫ്ഗാങ് വെളിപ്പെടുത്തിയ കാര്യങ്ങളാണിത്. 

ജഗ്‍ജീവൻ റാമിനു താൻ വിരുന്നൊരുക്കിയെന്നും പേരക്കുട്ടികൾക്കു സാധനങ്ങൾ വാങ്ങാൻ 800 പൗണ്ട് ചെലവഴിച്ചുവെന്നും പറയുന്ന വുൾഫ്ഗാങ്, ജാഗ്വർ ഇടപാട് യാഥാർഥ്യമാകുമെന്നും കൂട്ടിച്ചേർക്കുന്നു. അതേവർഷം, ജാഗ്വർ വിമാനങ്ങൾക്കായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുകയും ചെയ്തു. ജഗ്‌ജീവന്റെ മകളും ഐഎഫ്എസ് ഉദ്യോഗസ്ഥയുമായിരുന്ന മീരാകുമാർ അന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ മീര, കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്നു. 

അതേസമയം, ജാഗ്വർ ഇടപാടിനു മുന്നോടിയായി കൂടിക്കാഴ്ച നടന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നു ജ‍ഗ്‍ജീവന്റെ ബന്ധുക്കൾ പറഞ്ഞു. ഒൗദ്യോഗിക സന്ദർശനത്തിനു പോയ ജഗ്ജീവൻ, അവിടെ വച്ച് ഇടനിലക്കാരനൊപ്പം വിരുന്നിൽ പങ്കെടുത്തുവെന്ന ആക്ഷേപം അസംബന്ധമാണ്. മുൻകൂട്ടി തയാറാക്കിയ യാത്രാപരിപാടിയിൽ നിന്നു വ്യതിചലിച്ച് അദ്ദേഹം ലണ്ടനിൽ സാധനങ്ങൾ വാങ്ങാൻ പോയി എന്നത് വാസ്തവവിരുദ്ധമാണെന്നും ബന്ധുക്കൾ പറഞ്ഞു.