മിഷേലിനെ കാണാൻ ബ്രിട്ടൻ അനുമതി തേടി; ജാമ്യത്തിനു ശ്രമം

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലുമായി കൂടിക്കാഴ്ചയ്ക്ക് ബ്രിട്ടിഷ് ഹൈമ്മിഷൻ അനുമതി ചോദിച്ചിട്ടുണ്ടെന്നും വിഷയം പരിശോധനയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ, മിഷേലിനെ ജാമ്യത്തിലിറക്കാൻ വിശദമായ അപേക്ഷ ഉടനെ നൽകുമെന്ന് അഭിഭാഷകർ പറഞ്ഞു. 

ബ്രിട്ടിഷ് പൗരനായ മിഷേലിനെ യുഎഇ സർക്കാരിന്റെ അനുമതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തെ 5 ദിവസം സിബിഐയുടെ കസ്റ്റഡിയിൽ വിടാൻ കോടതി നിർദേശിച്ചിരുന്നു. എത്തിയ ദിവസം രാത്രിയിലെ ബുദ്ധിമുട്ടുകളൊഴിച്ചാൽ, ഉദ്യോഗസ്ഥരുടെ സമീപനരീതിയെക്കുറിച്ചും മറ്റും തനിക്കു പരാതികളില്ലെന്ന് മിഷേൽ അഭിഭാഷകരോടു വ്യക്തമാക്കിയതായാണ് സൂചന. 

മിഷേലിനെ വിട്ടുകിട്ടുന്നതിന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഓരോ അപേക്ഷ നൽകിയിരുന്നുവെന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് ഇന്ത്യയിൽ എത്തിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുക സിബിഐക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മിഷേലിനെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾക്കു ചുക്കാൻ പിടിച്ചതു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന റിപ്പോർട്ടുകളോടു കൃത്യമായി പ്രതികരിക്കാൻ വക്താവ് തയാറായില്ല. 

കഴിഞ്ഞ ദിവസം മിഷേലിനെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയപ്പോൾ, അടിസ്ഥാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ജാമ്യാപേക്ഷയാണ് നൽകിയത്. കുറ്റപത്രത്തിന്റെയും മറ്റു രേഖകളുടെയും പകർപ്പ് കഴിഞ്ഞ ദിവസം ലഭിച്ചെന്നും അതിന്റെ അടിസ്ഥാനത്തിൽ വിശദമായ ജാമ്യാപേക്ഷ തയാറാക്കുകയാണെന്നും അഭിഭാഷകർ വ്യക്തമാക്കി.