മല്യയെ കൈമാറണമെന്ന കേസിൽ വിധി ഇന്ന്; സിബിഐ, ഇഡി ഉദ്യോഗസ്ഥർ ലണ്ടനിൽ

ന്യൂഡൽഹി∙ 9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്നു വിധി പറയും. കോടതി നടപടികൾ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടർ എ. സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇഡി) ഉദ്യോഗസ്ഥരും ലണ്ടനിൽ എത്തിയിട്ടുണ്ട്.

സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെയും അറസ്റ്റ് ചെയ്തെത്തിച്ചത്. 2 വർഷമായി ലണ്ടനിലുള്ള മല്യയെ വിട്ടുകിട്ടാൻ കഴിഞ്ഞ ഡിസംബർ മുതൽ ഇന്ത്യ ശ്രമിക്കുകയാണ്. വായ്പയുടെ മുതല് തിരിച്ചു നൽകാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകൾ നിരസിച്ചു.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും ഇഡി നൽകിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.