വളർച്ചാ നിരക്ക്: വിദഗ്ധ സമിതി വേണമെന്ന് അരവിന്ദ് സുബ്രഹ്മണ്യൻ

ന്യൂഡൽഹി∙ വളർച്ചാ കണക്കിന്റെ കുരുക്കഴിക്കാൻ വിദഗ്ധരുടെ സമിതിയെ നിയോഗിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) സംബന്ധിച്ച വിവരങ്ങളിൽ സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്ത സ്ഥാപനങ്ങളെ ഇതിനായി നിയോഗിക്കരുതെന്നും, നിതി ആയോഗിന്റെ സമീപകാല ഇടപെടൽ സൂചിപ്പിച്ച്, അദ്ദേഹം പറഞ്ഞു. 

മുൻ സർക്കാരിന്റെ കാലത്ത് വളർച്ചാനിരക്ക് കുറഞ്ഞെന്ന് ഈയിടെ പുറത്തുവിട്ട കണക്കുകൾ വിവാദമായിരുന്നു. നോട്ട് നിരോധനം സംബന്ധിച്ച് മോദി സർക്കാർ കൂടിയാലോചന നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി. സാമ്പത്തികശാസ്ത്രത്തിൽ ഒട്ടേറെ അമ്പരപ്പിക്കുന്ന കടങ്കഥകളും വിശദീകരിക്കപ്പെടേണ്ട വസ്തുതകളുമുണ്ടെന്നും അവ വിദഗ്ധരാണ് കൈകാര്യം ചെയ്യേണ്ടെതെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

‘ഓഫ് കൗൺസൽ: ദ് ചാലഞ്ചസ് ഓഫ് ദ് മോദി – ജയ്റ്റ്ലി ഇക്കോണമി’ എന്ന പുസ്തകത്തിൽ നോട്ട് നിരോധനത്തെ അദ്ദേഹം വിമർശിച്ചിരുന്നു.