പ്രതിപക്ഷ ഐക്യത്തിന് പുതുചിറക്; ഇന്നത്തെ യോഗത്തിൽ കേജ്‌രിവാൾ, മമത, മുലായം പങ്കെടുത്തേക്കും

ഫയൽ ചിത്രം

ന്യൂഡൽഹി ∙ കർഷകസമരവും എക്സിറ്റ് പോൾ പ്രവചനങ്ങളും ന‌ൽകുന്ന ആത്മവിശ്വാസത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന്. 

പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് അനുവദിക്കാൻ വിമുഖതയുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും (തൃണമൂൽ കോൺഗ്രസ്) പ്രതിപക്ഷ ഐക്യനിരയിൽ ഇതുവരെ സജീവമല്ലാത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും (ആം ആദ്മി പാർട്ടി) യോഗത്തിനെത്തുമെന്നാണു വിവരം. യോഗം പ്രധാനമാണെന്നും പങ്കെടുക്കുമെന്നും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് ലക്നൗവിൽ പ്രഖ്യാപിച്ചു. 

ബിജെപി ഇതര സഖ്യത്തിനു പൂർണ പിന്തുണയുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു.

അതേസമയം, ബിഎസ്പി അധ്യക്ഷ മായാവതി ഇപ്പോഴും മനസ്സു തുറന്നിട്ടില്ല. ചർച്ചകൾ തുടരാനാണ് യോഗത്തിന്റെ മുഖ്യ സംഘാടകനായ തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. 

സോണിയ ഗാന്ധിക്കു പിറന്നാളാശംസയുമായി സ്റ്റാലിൻ നടത്തിയ സന്ദർശനത്തിനും രാഹുലുമായി നടത്തിയ ചർച്ചയ്ക്കും ഈ പശ്ചാത്തലത്തിൽ കൂടുതൽ രാ‌ഷ്ട്രീയമാനം കൈവരുന്നു. 

കോൺഗ്രസ് നേതൃത്വം അംഗീകരിച്ചുള്ള സഖ്യത്തിനു തെലുങ്കുദേശത്തെപ്പോലെ ഡിഎംകെയും പിന്തുണ അറിയിച്ചു. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദളിലെ ശരദ് യാദവ് എന്നിവർ ഇന്നത്തെ യോഗത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. 

പാർലമെന്റിൽ പൊതു തന്ത്രം

നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാരിനെതിരെ യോജ‌ിച്ചുനിൽക്കാവുന്ന വിഷയങ്ങളെക്കുറിച്ചാകും ഇന്നു പ്രധാനമായും ചർച്ച. 5 സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കൂട്ടായ ഒരുക്കം സംബന്ധിച്ച ആലോചനകളുമുണ്ടാകും.