Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണും; ഉർജിത് പട്ടേലിന്റെ രാജി സർക്കാരിനെതിരായ കുറ്റപത്രമാക്കും

Ramnath Kovind

ന്യൂഡൽഹി∙ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്ത 21 പാർട്ടികളും പാർലമെന്റിനുള്ളിലും പുറത്തും ഒന്നിച്ചുനിൽക്കും. വരും ദിവസങ്ങളിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദർശിക്കുന്ന സംഘം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജി സർക്കാരിനെതിരായ കുറ്റപത്രമായി സമർപ്പിക്കും. 

3 മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ – പ്രാദേശിക രാഷ്ട്രീയത്തിലെ പ്രബല നേതാക്കൾ പങ്കെടുത്ത യോഗം പാർലമെന്റിലും പുറത്തും സർക്കാരിനെ ആക്രമിക്കാനുള്ള തന്ത്രങ്ങൾക്കു പ്രാഥമിക രൂപം നൽകി. 

സിബിഐ, റഫാൽ, റിസർവ് ബാങ്ക്, കാർഷിക പ്രതിസന്ധി എന്നീ വിഷയങ്ങളിൽ പാർലമെന്റിനുള്ളിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനതലത്തിൽ സഖ്യ രൂപീകരണത്തിന്റെ സാധ്യതകളും പരിശോധിക്കും. 

സംയുക്ത യോഗത്തിനു പുറമെ കക്ഷി നേതാക്കൾ വെവ്വേറെ കൂടിക്കാഴ്ചകളും നടത്തി. കോൺഗ്രസിനോടുള്ള ശത്രുത മറന്ന് പ്രതിപക്ഷ നിരയിൽ അണിനിരക്കാൻ അരവിന്ദ് കേജ്‍രിവാളിനെ സന്ദർശിച്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. 

കോൺഗ്രസ് തന്ത്രജ്ഞൻ അഹമ്മദ് പട്ടേലുമായി ചന്ദ്രബാബു നായിഡു ചർച്ച നടത്തി.  മുൻ പ്രധാനമന്തി ഡോ. മൻമോഹൻ സിങ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, മല്ലികാർജുൻ ഖർഗെ, അശോക് ഗെലോട്ട്, ഗുലാം നബി ആസാദ് എന്നിവരും പങ്കെടുത്തു.

related stories