അഗസ്റ്റ: മിഷേൽ 5 ദിവസം കൂടി സിബിഐ കസ്റ്റഡിയിൽ

ന്യൂഡൽഹി∙ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട കോഴക്കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ പ്രത്യേക കോടതി 5 ദിവസത്തേക്കുകൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. മിഷേലിന്റെ ജാമ്യാപേക്ഷ ഈ മാസം 15 നു വീണ്ടും പരിഗണിക്കും. 5 രാജ്യങ്ങളിൽ നിന്നു കേസിന്റെ രേഖകൾ ലഭിച്ചെന്നു സിബിഐ വ്യക്തമാക്കി.

വ്യോമസേനയിലേതുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ തുടങ്ങി ഗൂഢാലോചനയിലെ പങ്കാളികളെ കണ്ടെത്താൻ ചില സാക്ഷികളുടെ സാന്നിധ്യത്തിൽ മിഷേലിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

യുഎഇയിൽ നിന്നു കഴിഞ്ഞ 4 നു വിട്ടുകിട്ടിയ മിഷേലിനെ നേരത്തെയും 5 ദിവസത്തേക്കാണ് സിബിഐക്കു കസ്റ്റഡിയിൽ നൽകിയത്. മിഷേൽ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും 9 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് സിബിഐക്കുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി.സിങ് വാദിച്ചത്.

ഇറ്റലിയിലെ കോടതിയിലുണ്ടായിരുന്ന കേസിൽ മിഷേലിനെ പ്രതിയാക്കിയില്ലെന്നും പ്രതിയാക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ ആൽജോ കെ.ജോസഫ്, എം.എസ്. വിഷ്ണുശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ വാദിച്ചു. ഇറ്റലിയിലെ അഭിഭാഷക റോസ്മേരി പട്രീസിക്ക് കക്ഷിയെ കാണാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

അടുത്ത തവണ ജാമ്യാപേക്ഷ പരിഗണിച്ചശേഷം തീരുമാനം പറയാമെന്ന് പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാർ വ്യക്തമാക്കി.