മുഖ്യമന്ത്രിച്ചർച്ചയ്ക്കിടെ അനുനയം, കണ്ണുരുട്ടൽ; ഉറച്ച സ്വരത്തിൽ രാഹുൽ

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വീടായിരുന്നു ഇന്നലെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പ്രബല നേതാക്കൾ എത്തിയതോടെ തുഗ്ലക് ലെയ്‌നിലെ 12–ാം നമ്പർ വസതി ചൂടുള്ള വാദപ്രതിവാദങ്ങൾക്കു സാക്ഷിയായി. തീരുമാനത്തിൽ രാഹുലിനെ സഹായിക്കാൻ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കയും വീട്ടിലെത്തി.

പിന്നോട്ടില്ലെന്ന് ഗെലോട്ട്

ഉച്ചയ്ക്കു പന്ത്രണ്ടരയോടെ അശോക് ഗെലോട്ട് രാഹുലിന്റെ വസതിയിലെത്തി. പ്രിയങ്കയും ചർച്ചയിൽ പങ്കാളി. ഫോണിലൂടെ അഭിപ്രായങ്ങളറിയിച്ചു സോണിയയും സജീവ സാന്നിധ്യം.

മുഖ്യമന്ത്രി പദം ലഭിക്കാതെ പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടെടുത്തു ഗെലോട്ട്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ പാർട്ടിക്കൊപ്പമുണ്ട്. എക്കാലവും കൂറു പുലർത്തി. രണ്ടു വട്ടം മുഖ്യമന്ത്രിയായ തനിക്കു പാർട്ടിയിലും വോട്ടർമാർക്കിടയിലും ശക്തമായ സ്വാധീനമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പാർട്ടിക്കു നേട്ടമുണ്ടാക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ കഴിയും. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടും– ഗെലോട്ട് വാദങ്ങൾ നിരത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിൽ രാഹുൽ അതൃപ്തി മറച്ചുവച്ചില്ല. ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അതിന്റെ നേട്ടമുണ്ടായില്ല. സ്വതന്ത്രരും ബിഎസ്പിയും നേടിയ സീറ്റുകൾ കോൺഗ്രസിന്റെ നഷ്ടമാണെന്നും രാഹുൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു.

സമ്മർദത്തിനു വഴങ്ങി സച്ചിൻ

ഒന്നരയോടെ ഗെലോട്ട് പുറത്തേക്ക്. രണ്ടു മണിയോടെ സച്ചിൻ അകത്തേക്ക്. പിസിസി അധ്യക്ഷനെന്ന നിലയിൽ പാർട്ടിക്കായി അക്ഷീണം പ്രവർത്തിച്ചതു താനാണെന്നും ഡൽഹിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി നിന്ന ഗെലോട്ടിനെ മുഖ്യമന്ത്രിയായി കെട്ടിയിറക്കുന്നതു നീതിയല്ലെന്നും സച്ചിന്റെ വാദം. ലോക്സഭാ തിരഞ്ഞെടുപ്പ് വരെയുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ ഗെലോട്ടിനു മുഖ്യമന്ത്രി പദം നൽകാമെന്നു രാഹുലിന്റെ നിർദേശം.

അടുത്ത വർഷം കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രിയാക്കാം; അല്ലെങ്കിൽ മുഖ്യമന്ത്രിയാക്കുന്നതും അപ്പോൾ ആലോചിക്കാം. ഏതു വേണമെന്നു തീരുമാനിക്കാം. തൽക്കാലം വഴങ്ങുക – പരിഹാര ഫോർമുല എതിർക്കാതെ സച്ചിൻ തലയാട്ടി. ശക്തിപ്രകടനം പാടില്ലെന്നും അണികളെ നിലയ്ക്കുനിർത്തണമെന്നും കൂടി രാഹുൽ നിർദേശിച്ചു. രണ്ടരയോടെ സച്ചിന്റെ മടക്കം.

തർക്കമില്ലെന്ന് സിന്ധ്യയും കമൽനാഥും

നാലു മണിയോടെ സോണിയയും എത്തി. മധ്യപ്രദേശിലെ സാഹചര്യം പരിശോധിച്ച രാഹുൽ പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിളിച്ചുവരുത്തി. സിന്ധ്യയുമായി സോണിയയും രാഹുലും പ്രിയങ്കയും വിശദ ചർച്ചയിൽ. ഒരു കാരണവശാലും വഴങ്ങില്ലെന്നു നിലപാടെടുത്ത സിന്ധ്യയെ മൂവരും അനുനയിപ്പിച്ചു. ഒരു ഘട്ടത്തിൽ സിന്ധ്യ വികാരാധീനനായി. ആറരയോടെ പ്രിയങ്ക പുറത്തേക്ക്. പിന്നാലെ കമൽനാഥ് വീട്ടിലെത്തി. സിന്ധ്യയെയും കമൽനാഥിനെയും ഒന്നിച്ചിരുത്തി ചർച്ച.

രാത്രി ഏഴരയോടെ ചിരിക്കുന്ന മുഖവുമായി കമൽനാഥിനും സിന്ധ്യയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം രാഹുൽ ട്വീറ്റ് ചെയ്തു. അടിക്കുറിപ്പിങ്ങനെ – ‘ക്ഷമയും കാലവുമാണ് ഏറ്റവും ശക്തരായ പോരാളികൾ – ലിയോ ടോൾസ്റ്റോയ്’. സിന്ധ്യയും കമൽനാഥും മാധ്യമങ്ങൾക്കിടയിലൂടെ പുറത്തേക്ക്. തങ്ങൾക്കിടയിൽ തർക്കമില്ലെന്നു സിന്ധ്യ. തീരുമാനം വൈകാതെയെന്നു കമൽനാഥ്. പിന്നാലെ സോണിയയും സ്വവസതിയിലേക്ക്.

തിരിച്ചുവിളിച്ച് ചർച്ച

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ സച്ചിൻ അനുകൂലികൾ രാജസ്ഥാനിൽ പ്രതിഷേധവുമായി രംഗത്ത്. തുടർന്ന്, രാത്രി വൈകി സച്ചിനെയും ഗെലോട്ടിനെയും വീണ്ടും വീട്ടിലേക്കു വിളിപ്പിച്ച് രാഹുലിന്റെ ചർച്ച. ഇത് അർധരാത്രി വരെ നീണ്ടു.