കർക്കശക്കാരൻ, ഏതു പ്രതിസന്ധിയിലും പ്രസന്നൻ; അശോക് ഗെലോട്ട് എന്ന രാഷ്ട്രീയത്തിലെ മാന്ത്രികൻ

ജയ്പുർ∙ അശോക് ഗെലോട്ട‌ിന്റെ അച്ഛൻ മാന്ത്രികനായിരുന്നു. പാളിയെന്നു തോന്നുന്ന കാര്യം പോലും കയ്യടക്കത്തോടെ വരുതിയിലാക്കുകയും ജനങ്ങളെക്കൊണ്ടു അദ്ഭുതാദരങ്ങളോടെ കയ്യടിപ്പിക്കുകയും ചെയ്യുന്ന മാന്ത്രികതയാണു മകന്റെ കൈമുതൽ. ഏതു പ്രതിസന്ധിയിലും പ്രസന്നമായ ചിരിയുണ്ടാകും. പക്ഷേ, കാര്യങ്ങൾ നടത്തിയെടുക്കുന്നതിൽ കർക്കശക്കാരൻ.

ജീവിതത്തിൽ ഗാന്ധിയൻ ശീലങ്ങൾ പിന്തുടരുന്ന അറുപത്തിയേഴുകാരനാണു ഗെലോട്ട്. തികഞ്ഞ സസ്യാഹാരി, സന്ധ്യയ്ക്കു ശേഷം ഭക്ഷണം തൊടില്ല. രാജ്യം ചുറ്റി നടന്നു മാജിക് ഷോകൾ നടത്തിയിരുന്ന പിതാവ് ബാബു ലക്ഷ്മൺ സിങ് ദക്ഷിനൊപ്പം ചെറുപ്പത്തിൽ ഗെലോട്ടും പോയിരുന്നു; മാജിക്കും അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിൽ എത്തിയിരുന്നില്ലെങ്കിൽ താൻ മജീഷ്യൻ ആകുമായിരുന്നുവെന്നു പറയുന്നു അദ്ദേഹം.

തുറന്നു സമ്മതിക്കുന്നില്ലെങ്കിലും, ഇന്ദിരാ ഗാന്ധിയെ കാണാൻ പോകുമ്പോൾ കുട്ടികളായിരുന്ന രാഹുലിനെയും പ്രിയങ്കയെയും മാജിക് കാണിച്ചു ഞെട്ടിച്ചിരുന്നതായി അടുപ്പമുള്ളവർ പറയുന്നു.

സയൻസിൽ ബിരുദമെടുത്ത ശേഷം ധനതത്വശാസ്ത്രത്തിൽ എംഎയും പിന്നീട് എൽഎൽബിയും. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ തുടക്കം. ബംഗ്ലദേശ് അഭയാർഥി പ്രവാഹ കാലത്തു സേവനത്തിനു വടക്കു കിഴക്കൻ മേഖലയിലേക്ക് ഇന്ദിര ഗാന്ധി നിയോഗിച്ചതു വഴിത്തിരിവായി. അന്നു വയസ്സ് 20. തുടർന്ന്, സംഘപരിവാറിനെ നേരിടാൻ പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ നേത‍ൃത്വത്തിൽ നിയോഗിക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളിലൊരാളായി.

രാജീവ് ഗാന്ധി രംഗത്തെത്തിയതോടെ രാജസ്ഥാനിലെ അദ്ദേഹത്തിന്റെ കണ്ണും കാതുമായി. 1980– 1998 കാലത്ത് 5 തവണ എംപിയായി. 1982 ൽ കേന്ദ്ര ടൂറിസം ഉപമന്ത്രിയായി. പിന്നീട് വ്യോമയാനം, സ്പോർട്സ് വകുപ്പുകളുടെ ചുമതല. 1984 ൽ സഹമന്ത്രിയായി. 4 തവണ പിസിസി പ്രസിഡന്റായി. പി.വി.നരസിംഹ റാവു മന്ത്രിസഭയിൽ ടെക്സറ്റൈൽ മന്ത്രിയായും സേവനം അനുഷ്ഠിച്ചു.

പിസിസി പ്രസിഡന്റായിരിക്കെ 153 എംഎൽഎമാരെ വിജയിപ്പിച്ച 1998 ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2003 ൽ നഷ്ടമായ ഭരണം 2008 ൽ തിരിച്ചുപിടിച്ചു. അന്നാകട്ടെ 96 എംഎൽഎമാർ മാത്രമുള്ളപ്പോൾ ഒറ്റ രാത്രികൊണ്ട് ബിഎസ്പിയുടെ 6 എംഎൽഎമാരെയും കോൺഗ്രസിലെത്തിച്ചു ഭൂരിപക്ഷം തികച്ചു. 2013 ലെ തിരഞ്ഞെടുപ്പിനു ശേഷം തിളക്കം നഷ്ടപ്പെട്ടെങ്കിലും വൈകാതെ പാർട്ടിയിലെ ഭാരിച്ച ദൗത്യങ്ങൾ തേടിയെത്തി.

രാഹുൽ ഗാന്ധിയുടെ ഇമേജ് മാറ്റത്തിനും ഗുജറാത്ത്, കർണാടക തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മികച്ച പ്രകടനത്തിനും പിന്നിൽ ഗെലോട്ടിന്റെ കയ്യൊപ്പുണ്ട്. പാർട്ടിയിൽ യുവതലമുറയെ വളർത്തിയെടുക്കുന്നതിനുള്ള പ്രത്യേക ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കെയാണു രാജസ്ഥാനിലേക്കു വീണ്ടുമെത്തുന്നത്.

ഇന്നലെ ഡൽഹിയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിൽ, സംസ്ഥാന നിരീക്ഷകൻ കെ.സി. വേണുഗോപാൽ മൈക്ക് ആദ്യം കൈമാറിയതു ഗെലോട്ടിനാണ്. അദ്ദേഹമത് ഉപചാരപൂർവം സച്ചിൻ പൈലറ്റിനു കൈമാറി. ആദ്യം സംസാരിക്കാനുള്ള ഊഴം ഗെലോട്ടിനു തന്നെ അനുവദിച്ച് സച്ചിൻ മൈക്ക് തിരികെ കൊടുത്തപ്പോൾ സ്വീകരിക്കുകയും ചെയ്തു. പോരാടി നേടിയ പദവിയാണെങ്കിലും പരസ്പര ധാരണയുടെ വഴികൾ അടയ്ക്കുന്നില്ല ഗെലോട്ട്.