കെസിആറിന്റെ കണ്ണ് ഡൽഹിയിൽ; മകൻ നാട്ടിൽ ‘പിൻഗാമി’

കെ. ചന്ദ്രശേഖര റാവു, കെ.ടി. രാമറാവു

ന്യൂഡൽഹി∙ മകനെ പാർട്ടിയിൽ രണ്ടാമനായി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അപ്രതീക്ഷിത രാഷ്ട്രീയനീക്കം. മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും ദേശീയരാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാനുണ്ടെന്നു വ്യക്തമാക്കിയാണു മകൻ കെ.ടി. രാമറാവുവിനെ (42) പാർട്ടി വർക്കിങ് പ്രസിഡന്റായി നിയോഗിച്ചത്.

നയം വ്യക്തം: തെലങ്കാനയിൽ സർക്കാരിന്റെയും ടിആർഎസിന്റെയും ചുമതല വൈകാതെ മകനെ ഏൽപിക്കുക, ദേശീയ രാഷ്ട്രീയത്തിൽ സജീവമാവുക. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്നെങ്കിലും പാർട്ടിച്ചുമതല ഒന്നുമില്ലാതിരിക്കെയാണു രാമറാവുവിന്റെ നിയമനമെന്നതു ശ്രദ്ധേയം.

കെസിആറിന്റെ അനന്തരവനും ജനകീയനുമായ ടി. ഹരീഷ് റാവു ആണ് നേതൃനിരയിൽ ഉയർന്നുകേട്ടിരുന്ന പേര്. 1.10 ലക്ഷം വോട്ടുകൾക്ക് സിദ്ദിപേട്ട് മണ്ഡലത്തിൽ നിന്നാണു ഹരീഷ് റാവു ജയിച്ചത്. സംഘാടക മികവും പ്രവർത്തകർക്കിടയിൽ നല്ല സ്വാധീനവുമായി ഹരീഷ് റാവു തിളങ്ങിനി‍ൽക്കുന്നതിനിടെയാണു മകനെ ഉയർത്തി കെസിആറിന്റെ ഇടപെടൽ. തിരഞ്ഞെടുപ്പു ജയത്തിൽ രാമറാവുവിന്റെ നേതൃമികവു ഗുണം ചെയ്തെന്ന മുഖവുരയോടെയാണു പ്രഖ്യാപനമുണ്ടായത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ എത്തുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കും പാർട്ടിയെ സജ്ജമാക്കുന്ന ദൗത്യം രാമറാവുവിനായിരിക്കും. ദേശീയതലത്തിൽ ബിജെപി, കോൺഗ്രസ് ഇതര പാർട്ടികളുടെ കൂട്ടായ്മ വൈകാതെ രൂപീകരിക്കുമെന്നാണ് കെസിആറിന്റെ പ്രഖ്യാപനം. മുൻമന്ത്രിസഭയിൽ ഐടി മന്ത്രിയായിരിക്കെ രാമറാവു സ്റ്റാർട്ടപ്പുകൾക്കു വേണ്ടിയുള്ള ടി ഹബ് അടക്കമുള്ള പദ്ധതികളിലൂടെ ശ്രദ്ധ നേടിയിരുന്നു. നിയമനത്തിനു പിന്നാലെ, രാമറാവു ഹരീഷിനെ സന്ദർശിച്ചു.

കെ.ടി. റാമറാവു (കെടിആർ)

∙ യുഎസിലെ ജോലി ഉപേക്ഷിച്ച് 2009 ൽ രാഷ്ട്രീയത്തിലിറങ്ങി.

∙ പുണെ സർവകലാശാലയിൽനിന്ന് എംഎസ്‌സി ബയോടെക്നോളജി, ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ (മാർക്കറ്റിങ്, ഇ കൊമേഴ്സ്)

∙ 2001 മുതൽ 6 വർഷം യുഎസിൽ ജോലിയെടുത്തു

∙ സിർസില മണ്ഡലത്തിൽനിന്ന് നാലാം വട്ടം ജയം. ഭൂരിപക്ഷം: 88,000

∙ തെലങ്കാന ഐടി മന്ത്രി (2009–2014)