ഗെലോട്ടിന് നറുക്ക് വീണതെങ്ങനെ? തുണച്ചത് പൊതുസ്വീകാര്യത; സാമുദായിക സമവാക്യങ്ങൾ

‘യുണൈറ്റഡ് കളേഴ്സ് ഓഫ് രാജസ്ഥാൻ’ എന്ന അടിക്കുറിപ്പോടെ അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനു മുൻപ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തപ്പോൾ.

ജയ്പുർ∙ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ് – അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിലേക്കു മൂന്നാം തവണയും കൈപിടിച്ചുയർത്തിയതിൽ ഏറ്റവും പ്രധാന കാരണം ഇതുതന്നെ. സംസ്ഥാനത്തു പാർട്ടി വ്യത്യാസങ്ങളില്ലാതെ താഴേത്തട്ടിലെ ജനങ്ങൾക്കുവരെ പ്രാപ്യനായ േനതാവെന്ന പ്രതിഛായ ഗെലോട്ടിനോളം മറ്റാർക്കുമില്ല. 

പ്രതീക്ഷിച്ച വൻ വിജയം കോണ്‍ഗ്രസിനു ലഭിക്കാതിരുന്നപ്പോൾത്തന്നെ സച്ചിൻ പൈലറ്റിനെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ സാധ്യതകൾ പലമടങ്ങ് വർധിച്ചിരുന്നു. നിയുക്ത എംഎൽഎമാരിൽ ഭൂരിപക്ഷവും ഗെലോട്ടിനെ അനുകൂലിക്കുന്നവരാണ്. വിമതരായി ജയിച്ച 11 പേരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. 

സച്ചിൻ പിസിസി പ്രസിഡന്റ് ആയതോടെ പല തലങ്ങളിലും തഴയപ്പെട്ടതായി പരാതിയുണ്ടായിരുന്ന മുതിർന്ന നേതാക്കളും ഗെലോട്ടിനു പിന്തുണയുമായെത്തി. ഇതോടെ ഇരു തലമുറകളെയും ഒന്നിപ്പിക്കുന്ന കണ്ണിയാകാൻ പറ്റിയ മറ്റൊരാളില്ലെന്നു ഹൈക്കമാൻഡിന് ഉറപ്പായി.  

നാലു മാസത്തിനപ്പുറം വരുന്ന ലോക്സഭ തിരഞ്ഞെടുപ്പു നേരിടാൻ സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമായ മുഖമെന്ന വിലയിരുത്തലും ഗെലോട്ടിനു തുണയായി. കാര്യമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടില്ലെന്നതും അനുകൂല ഘടകം.  

പരിചയ സമ്പന്നനും മികച്ച ഭരണാധികാരിയുമെന്ന പ്രതിച്ഛായ ബിജെപിയിൽ പോലുമുണ്ട്. വസുന്ധര മാറട്ടെ, ഗെലോട്ട്ജി വരട്ടെ എന്ന മന്ത്രം ഇത്തവണ ബിജെപി അണികൾനിന്നു പോലും ഉയർന്നു. ഗ്രാമീണ മേഖലകളിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ഗെലോട്ട് എന്ന മട്ടായിക്കഴിഞ്ഞിരുന്നു. പുതിയ മുഖമാകും കോൺഗ്രസിനുണ്ടാകുകയെന്നു മുൻപു പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയെ മാറിച്ചിന്തിക്കാൻ ഇതു പ്രേരിപ്പിച്ചിരിക്കുമെന്ന് ഉറപ്പ്. 

സാമുദായിക ഘടകങ്ങളും ഗെലോട്ടിനു മേൽക്കൈ നൽകി. വളരെ ചെറിയ സമുദായമായ മാലി വിഭാഗക്കാരനാണ് അദ്ദേഹം. സച്ചിൻ പ്രധാന സമുദായങ്ങളിലൊന്നായ ഗുജ്ജർ വിഭാഗത്തിൽനിന്നുള്ളയാളും. കോണ്‍ഗ്രസിനെ ഏറ്റവും പിന്തുണച്ചിട്ടുള്ള മീണ സമുദായം എന്നു ശത്രുതയോടെ കണ്ടിട്ടുള്ള സമുദായമാണു ഗുജ്ജർ. സച്ചിൻ സമുദായത്തിന്റെ ആളായി ഒരിക്കലും സ്വയം നിന്നുകൊടുത്തിട്ടില്ലെങ്കിൽ പോലും ഈ സാമൂഹികസാഹചര്യം പ്രതിബന്ധമായി. പ്രത്യേകിച്ചും ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ.  

ചെറിയ സമൂഹമായ മാലി സമുദായത്തോടു മറ്റുള്ളവർക്കാർക്കും പ്രത്യേകിച്ച് എതിർപ്പില്ല. ഇത് എക്കാലവും ഗെലോട്ടിനു തുണയായിട്ടുണ്ട്. മാത്രവുമല്ല, പോരടിക്കുന്ന വിഭാഗങ്ങളെയെല്ലാം പാർട്ടിയോട് അടുപ്പിച്ചു നിർത്താനും സഹായിച്ചിട്ടുണ്ട്. 

തർക്കങ്ങൾക്കൊടുവിലാണു രൂപപ്പെട്ടതെങ്കിലും പുതിയ സമവാക്യത്തിൽ കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുന്നു– പരിചയ സമ്പന്നനായ മുഖ്യമന്ത്രി, ഊർജസ്വലനായ ഉപമുഖ്യമന്ത്രി.