രാജസ്ഥാനിൽ പൈലറ്റായി ഗെലോട്ട്; സച്ചിൻ കോ-പൈലറ്റാവും

രണ്ടു കസേരയും ഒരുപോലെ...: രാജസ്ഥാനിലെ നിയുക്ത ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, നിയുക്ത മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവർ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയപ്പോൾ. കേന്ദ്രനിരീക്ഷകൻ കെ.സി. വേണുഗോപാൽ സമീപം. ചിത്രം: ജെ.സുരേഷ് ∙മനോരമ

ന്യൂഡൽഹി∙ രണ്ടു നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ രാജസ്ഥാനിലെ അധികാരത്തർക്കത്തിനു പരിഹാരം. മുതിർന്ന നേതാവ് അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകും; പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി പദവി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നേട്ടമുണ്ടാക്കിയില്ലെങ്കിൽ സച്ചിനെ മുഖ്യമന്ത്രിയാക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പോടെയാണു ഗെലോട്ടിന്റെ ആവശ്യത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വഴങ്ങിയത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും. മൂന്നാം തവണയാണു ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നത്. 

പാർട്ടി ആസ്ഥാനത്ത് ഇടംവലം ഇരുത്തി സംസ്ഥാന നിരീക്ഷകൻ കെ.സി. വേണുഗോപാൽ തീരുമാനം പ്രഖ്യാപിച്ചതോടെ, ഉൾപ്പാർട്ടി പ്രതിസന്ധിക്കു താൽക്കാലിക വിരാമമായി. രാജസ്ഥാനിൽ സദ്ഭരണം ഉറപ്പാക്കുമെന്നു ഗെലോട്ട് പ്രതികരിച്ചു. തീരുമാനത്തിലുള്ള അസന്തുഷ്ടി പ്രകടിപ്പിക്കാതെ പുഞ്ചിരിച്ച സച്ചിൻ, ഇരു നേതാക്കൾക്കും പദവി ലഭിച്ചതിനെ പരാമർശിച്ചു തമാശ പറഞ്ഞു– ‘‘രാജസ്ഥാനിൽ 2 പേർ കോടിപതികളായിരിക്കുന്നു.’’  

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാൻ വ്യാഴാഴ്ച വൈകിട്ടു തീരുമാനിച്ച ഹൈക്കമാൻഡ്, സംസ്ഥാനത്തുയർന്ന പ്രതിഷേധത്തെത്തുടർന്ന് പ്രഖ്യാപനം നീട്ടുകയായിരുന്നു. ഇരുവരെയും വീണ്ടും വിളിച്ചുവരുത്തിയ രാഹുൽ രാത്രി ഒരു മണി വരെ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇന്നലെ രാവിലെ വീണ്ടും യോഗം ചേർന്നപ്പോൾ പ്രിയങ്ക വാധ്‌രയും ഒപ്പം ചേർന്നു. 

പിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ നേതൃത്വത്തിലാണു  തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നു സച്ചിൻ വാദിച്ചു. പാർട്ടിയിലും വോട്ടർമാർക്കിടയിലും സ്വീകാര്യനായ തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നായി ഗെലോട്ട്. 

ഉപമുഖ്യമന്ത്രി സ്ഥാനം സച്ചിനു നൽകി പ്രശ്നം പരിഹരിക്കാമെന്ന ആശയം വേണുഗോപാൽ അവതരിപ്പിച്ചു. രാഹുൽ അംഗീകരിച്ചെങ്കിലും സച്ചിൻ ആദ്യം വഴങ്ങിയില്ല. മണിക്കൂറുകൾ നീണ്ട ചർച്ചയിലൂടെ അനുനയം. ഇരുവരെയും ചേർത്തുപിടിച്ചുള്ള ചിത്രം രാഹുൽ ട്വീറ്റ് ചെയ്തതോടെ സ്ഥിരീകരണമായി; തലേദിവസം മധ്യപ്രദേശിലെന്ന പോലെ ഇവിടെയും പ്രശ്നപരിഹാരം.

കമൽനാഥിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഭോപാൽ ∙ മധ്യപ്രദേശ് മുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ കമൽനാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ലാൽ പരേഡ് ഗ്രൗണ്ടിൽ 1.30 നാണു ചടങ്ങ്. 

ഛത്തീസ്ഗഡിൽ തീരുമാനമായില്ല

റായ്പുർ ∙ ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന തീരുമാനം നീളുന്നു. പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, പ്രതിപക്ഷ നേതാവ് ടി.എസ്‌. സിങ് ദേവ്, താമ്രധ്വജ് സാഹു, സി.ഡി. മഹന്ത് എന്നിവരാണു രംഗത്തുള്ളത്. 

മിസോറമിൽ ഇന്ന് സത്യപ്രതിജ്ഞ

ഐസോൾ ∙ മിസോറം മുഖ്യമന്ത്രിയായി മിസോ നാഷനൽ ഫ്രണ്ട് നേതാവ് സോറാംതാംഗ ഇന്നു 12നു ഗവർണർ കുമ്മനം രാജശേഖരന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും.