ഛത്തീസ്ഗഡിൽ തീരുമാനമായില്ല; സാധ്യത ഭൂപേഷ് ബാഗേലിന്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി. ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിനൊപ്പം രാഹുൽ ഇങ്ങനെ കുറിച്ചു – ‘മനസ്സും തന്ത്രങ്ങളും എത്രത്തോളം മികവുറ്റതാണെങ്കിലും നിങ്ങൾ ഒറ്റയ്ക്കു കളിക്കാനിറങ്ങിയാൽ ഒരു ടീമിനു മുന്നിൽ പരാജയപ്പെടും’. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിന്റെ സഹസ്ഥാപകൻ റീഡ് ഹോഫ്മാന്റെ വരികളാണു രാഹുൽ ഉദ്ധരിച്ചത്

ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാതെ കോൺഗ്രസ്. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേലിനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പ്രഖ്യാപനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടുമായി പ്രതിപക്ഷ നേതാവ് ടി.എസ്. സിങ്ദേവ്, മുതിർന്ന നേതാക്കളായ താമ്രധ്വജ സാഹു, ചരൺദാസ് മഹന്ത് എന്നിവരും രംഗത്തുണ്ട്. നാലു പേരും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രിയങ്ക വാധ്‌രയും യോഗത്തിൽ പങ്കെടുത്തു. 

എഐസിസി നിരീക്ഷകൻ മല്ലികാർജുൻ ഖർഗെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുലിനെ ധരിപ്പിച്ചു. മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.