ബാങ്കുകൾക്ക് 83,000 കോടി രൂപ കൂടി നൽകുന്നു; വായ്പാശേഷി വർധിക്കും

ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഈ സാമ്പത്തിക വർഷത്തിന്റെ ഇനിയുള്ള മാസങ്ങളിൽ 83,000 കോടി രൂപ കൂടി നൽകുമെന്ന് ധനമന്ത്രി അരു‍ൺ ജയ്റ്റ്ലി അറിയിച്ചു.

പൊതുമേഖലാ ബാങ്കുകൾക്ക് ഉടൻ 41,000 കോടി രൂപ നൽകുന്നതിന് സർക്കാർ ഇന്നലെ പാർലമെന്റിന്റെ അനുമതി തേടിയിരുന്നു. നേരത്തെ 65,000 കോടി രൂപ നൽകിയിരുന്നു. ഇതോടെ ബാങ്കുകൾക്ക് ഈ സാമ്പത്തിക വർഷം നൽകിയത് 1.06 ലക്ഷം കോടി രൂപയായി. ബാങ്കുകളുടെ വായ്പാ ശേഷി വർധിപ്പിക്കുന്നതിന് ഇതുപകരിക്കും.

ബാങ്കുകളുടെ കിട്ടാക്കടം കുറച്ച് മികച്ച മൂലധന ക്ഷമത കൈവരിക്കാനുള്ള തിരുത്തൽ നടപടിക്ക് റിസർവ് ബാങ്ക് തുടക്കമിട്ടിരുന്നു. കിട്ടാക്കടം കുറയ്ക്കുന്നതിനുള്ള ശ്രമം വിജയംകണ്ടു തുടങ്ങിയതായും ധനമന്ത്രി പറഞ്ഞു.