കൊൽക്കത്ത കപ്പൽത്തുറയിൽ രണ്ടാം ലോകയുദ്ധ ബോംബ്; മറഞ്ഞുകിടന്നത് മുക്കാൽ നൂറ്റാണ്ട്

കൊൽക്കത്ത∙ നേതാജി സുഭാഷ് ഡോക്കിൽ കടലിൽനിന്നു കണ്ടെടുത്തതു മുക്കാൽ നൂറ്റാണ്ടു പഴക്കമുള്ള, പൊട്ടാതെ കിടന്ന കൂറ്റൻ ബോംബ്. യുഎസ് സേനയുടേതെന്നു സൂചിപ്പിക്കുന്ന എഴുത്തോടുകൂടിയ ബോംബിന് 450 കിലോഗ്രാം ഭാരമുണ്ട്. മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആയുധനിർമാണക്കമ്പനിയായ ഓർഡൻസ് ഫാക്ടറി വിദഗ്ധരുടെ സഹായത്തോടെ നിർവീര്യമാക്കാനുള്ള നടപടികൾ തുടങ്ങി.

യുദ്ധവിമാനങ്ങളിൽനിന്നു താഴെയിട്ടാൽ മാത്രം പൊട്ടുന്ന തരം ഏരിയൽ ബോംബാണ്. സുരക്ഷാപൂട്ടുകൾ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധാവസാനം യുഎസ് പട ഉപേക്ഷിച്ചുപോയ ബോംബാണിതെന്നു കരുതുന്നു. പിന്നീടിതു വെള്ളത്തിനടിയിലായി. പൊട്ടിയാൽ അരക്കിലോമീറ്റർ ചുറ്റളവിൽ കനത്തനാശമുണ്ടാക്കാൻ ശേഷിയുള്ളതാണ് ഈ ബോംബ്.

‘വെള്ളിയാഴ്ച ഉച്ചയ്ക്കു 2നാണു നോതാജി സുഭാഷ് ഡോക്കിലെ ഡ്രജിങ് തൊഴിലാളികൾ നാലര മീറ്റർ നീളമുള്ള ബോംബ് കണ്ടത്. ടോർപിഡോയെന്നാണ് ആദ്യം കരുതിയത്. പിന്നീടു യുഎസ് നിർമിത ബോംബെന്നു സ്ഥിരീകരിച്ചു’– കൊൽക്കത്ത തുറമുഖ ട്രസ്റ്റ് ചെയർമാൻ വിനീത് കുമാർ പറഞ്ഞു. നിർവീര്യമാക്കിയതിനുശേഷം ബോംബ് അതേപടി സൂക്ഷിക്കാനാണു തുറമുഖ ട്രസ്റ്റ് തീരുമാനം.

നേതാജി സുഭാഷ് ഡോക്ക്

ഹൂഗ്ലി നദിയുടെ പടിഞ്ഞാറേ കരയിൽ 1918 ഡിസംബർ 29ന് ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തത്. രണ്ടാം ലോകയുദ്ധകാലത്ത് യുഎസിന്റെ ആയുധപ്പുര.

പൊട്ടാത്ത ബോംബുകൾ വേറെയും

1939 മുതൽ 1945 വരെയായിരുന്നു രണ്ടാം ലോകയുദ്ധം. 1941–44 കാലഘട്ടത്തിൽ യുഎസ് സേന ആയുധപ്പുരയായി ഉപയോഗിച്ചിരുന്നയിടമാണു നേതാജി സുഭാഷ് ഡോക്ക്. ഇവിടെ ജപ്പാൻ സേനയുടെ ബോംബാക്രമണങ്ങൾ പതിവായിരുന്നു.

രണ്ടാം ലോകയുദ്ധകാലത്തെ ബോംബുകൾ ഇന്ത്യയിൽ ഇതിനു മുൻപും കണ്ടെത്തിയിട്ടുണ്ട്. 2018 ഏപ്രിൽ 26ന് മഹാരാഷ്ട്രയിലെ പാൽഘറിനു സമീപം വാഡ താലൂക്കിലെ ദേവളി ഗ്രാമത്തിൽ കർഷകൻ വയൽ ഉഴുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. 2 ദിവസത്തിനുശേഷം വാഡയിലെതന്നെ സാസ്നെ ഗ്രാമത്തിലെ കൃഷിയിടത്തിൽനിന്ന് മറ്റൊരു ബോംബും കിട്ടി.