പാക്കിസ്ഥാൻ 600 പീരങ്കികൾ വാങ്ങാൻ ഒരുങ്ങുന്നു

പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ അതിർത്തിയിൽ ഉപയോഗിക്കാൻ പാക്കിസ്ഥാൻ 600 പീരങ്കികൾ വാങ്ങാൻ ഒരുങ്ങുന്നതായി ഇന്ത്യൻ സേനാ ഇന്റിലിജൻസിനു രഹസ്യ വിവരം ലഭിച്ചു. ഇന്ത്യ ഉപയോഗിക്കുന്ന തരം റഷ്യൻ നിർമിത ടി 90 പീരങ്കികളും ഇതിലുണ്ട്. ചൈന, ഇറ്റലി, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നു പീരങ്കികൾ വാങ്ങാനാണു നീക്കമെന്നാണു സൂചന. പ്രതിരോധ ഇടപാടുകളിൽ ഇന്ത്യയുടെ ഉറ്റ പങ്കാളിയായ റഷ്യയുമായി സഹകരണം മെച്ചപ്പെടുത്താൻകൂടി ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ടി 90 ടാങ്കുകൾ വാങ്ങാൻ ശ്രമിക്കുന്നത്.

അതിർത്തിയിൽ ഇന്ത്യ കരുത്ത് വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്. 4 കിലോമീറ്റർ വരെ ആക്രമണ ദൂരപരിധിയുള്ള ടാങ്കുകളാവും വാങ്ങുക. പാക്കിസ്ഥാന്റെ കൈവശമുള്ള പീരങ്കികളിൽ 70 ശതമാനവും രാത്രി സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നവയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

ചൈനീസ് നിർമിത ടി 59, ടി 69, യുക്രെയ്ൻ നിർമിത ടി 80 യുഡി, ടി 85 യുഡി എന്നിവയാണു പാക്കിസ്ഥാന്റെ കൈവശമുള്ള പീരങ്കികൾ. ആക്രമണ ശേഷിയിൽ അവയെക്കാൾ മുന്നിലാണ് ഇന്ത്യയുടെ പക്കലുള്ള ടി 90, ടി 72, അർജുന പീരങ്കികൾ.