അതിർത്തിയിൽ ആക്രമണം; 2 പാക്ക് സൈനികരെ വധിച്ചു

ശ്രീനഗർ ∙ നൗഗം സെക്ടറിൽ ഞായറാഴ്ച പുലർച്ചെ മുൻനിര പോസ്റ്റ് ആക്രമിക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമം തകർത്തു. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ 2 പാക്ക് സൈനികർ കൊല്ലപ്പെട്ടു.

രാത്രി മുഴുവൻ നീണ്ടു നിന്ന വെടിവയ്പിനു ശേഷം കാട്ടിൽ നടത്തിയ പരിശോധനയിലാണ് പാക്ക് സൈനികരുടെ മൃതദേഹങ്ങളും പടക്കോപ്പുകളും കിട്ടിയത്. 

വൻതോതിൽ പടക്കോപ്പുകളുമായി ഇവർ എത്തിയതുതന്നെ വൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് കരുതുന്നു. പാക്ക് പട്ടാള വേഷം ആണ് ഇവർ ധരിച്ചിരുന്നത്. 

പാക്കിസ്ഥാന്റേതെന്നു തെളിയിക്കുന്ന മുദ്രകളും കണ്ടെത്തി. 2 പേരുടെ മൃതദേഹങ്ങളും ഏറ്റുവാങ്ങാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്ന് കരസേനാ വക്താവ് പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാർക്കു അതിർത്തി കടക്കാൻ സഹായകമെന്നോണം പാക്ക് പോസ്റ്റുകളിൽ നിന്ന് പീരങ്കികളും റോക്കറ്റ് വിക്ഷേപിണികളും ഉപയോഗിച്ചു വൻ ആക്രമണമാണ് നടത്തിയത്. നിയന്ത്രണരേഖയോടു ചേർന്നുള്ള കൊടുംകാടിന്റെ മറവിൽ നുഴഞ്ഞുകയറുകയായിരുന്നു ലക്ഷ്യം. ഇതു ശ്രദ്ധയിൽ പെട്ട ഉടൻ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. കബളിപ്പിക്കാനായി ചില നുഴഞ്ഞുകയറ്റക്കാർ ബിഎസ്എഫിന്റെ വേഷവും അണിഞ്ഞിരുന്നു.

കാട്ടിൽ തിരച്ചിൽ തുടരുകയാണ്. വെടിവയ്പിനിടെ ഏതാനും നുഴഞ്ഞുകയറ്റക്കാർ അതിർത്തി കടന്നതായും കരുതുന്നു.