പാർലമെന്റും തടസ്സപ്പെടുത്തി ‘ശശികല–ഒപിഎസ്’ പോര്

ചെന്നൈ ∙ ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ പനീർസെൽവം പക്ഷത്തെ എംപിമാരും എതിർത്തു ശശികല പക്ഷത്തെ എംപിമാരും കൊമ്പുകോർത്തതോടെ ലോക്സഭയും രാജ്യസഭയും ബഹളമയമായി. ലോക്സഭ അൽപനേരം നിർത്തിവച്ചു. രാജ്യസഭയിൽ ബഹളം നിയന്ത്രണാതീതമായി. ഒ. പനീർസെൽവം (ഒപിഎസ്) പക്ഷത്തെ വി. മൈത്രേയന്റെ പ്രസംഗം പലവട്ടം തടസ്സപ്പെടുത്തിയ വിജില സത്യാനന്ദിനെ രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ താക്കീത് ചെയ്തു.

സ്ത്രീയെന്ന നിലയിൽ ബഹുമാനമുണ്ടെങ്കിലും സഭയിൽ മര്യാദയില്ലാതെ പെരുമാറാൻ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ കുര്യൻ, സ്ത്രീയെന്ന പരിഗണനകൊണ്ടാണു നടപടിയെടുക്കാത്തതെന്നും വ്യക്തമാക്കി.

ലോക്സഭ സമ്മേളിച്ചയുടൻ തന്നെ ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആറ് അണ്ണാ ഡിഎംകെ എംപിമാർ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. ജയയുടെ ചിത്രം പതിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് എംപിമാർ സഭയിലെത്തിയത്. വിഷയം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പനീർസെൽവം പക്ഷത്തെ എംപിമാർ ഇറങ്ങിപ്പോയി.

അണ്ണാ ഡിഎംകെയുടെ 37 ലോക്സഭാംഗങ്ങളിൽ പത്തും 13 രാജ്യസഭാംഗങ്ങളിൽ രണ്ടു പേരുമാണു പനീർസെൽവത്തെ അനുകൂലിക്കുന്നത്. പാർട്ടി പുറത്താക്കിയ രാജ്യസഭാംഗം ശശികല പുഷ്പയും അനുകൂല നിലപാടു പുലർത്തുന്നു.

നിയമനം ചട്ടപ്രകാരം തന്നെ: തിരഞ്ഞെടുപ്പ് കമ്മിഷന് ശശികലയുടെ മറുപടി

ചെന്നൈ ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായുള്ള തന്റെ നിയമനം പാർട്ടി നിയമാവലിയിലെ ചട്ടങ്ങളെല്ലാം പാലിച്ചാണെന്നു തിരഞ്ഞെടുപ്പു കമ്മിഷനു ശശികല മറുപടി നൽകി. സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ടു ബെംഗളൂരുവിലെ ജയിലിൽ കഴിയുന്ന അവർ അഭിഭാഷകൻ മുഖേനയാണ് 70 പേജുള്ള വിശദീകരണം സമർപ്പിച്ചത്. ജനറൽ കൗൺസിൽ യോഗം ചേർന്നു തന്നെ നിയമിച്ചതു ചട്ടപ്രകാരംതന്നെയാണെന്നും അന്നത്തെ പ്രസീഡിയം ചെയർമാൻ ഇ.മധുസൂദനൻ ഉൾപ്പെടെയുള്ളവരുടെയെല്ലാം അനുമതി ഇതിനുണ്ടായിരുന്നെന്നും ശശികല വ്യക്തമാക്കി.
പനീർസെൽവം പക്ഷമാണു നിയമനത്തിനെതിരെ കമ്മിഷനെ സമീപിച്ചത്. നോട്ടിസിനു നേരത്തേ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ നൽകിയ മറുപടി നിരസിച്ച കമ്മിഷൻ, ശശികലയോടു മറുപടി നൽകാൻ നിർദേശിക്കുകയായിരുന്നു.