വിശ്വാസവോട്ട്: ദൃശ്യങ്ങൾ സ്റ്റാലിന് കൈമാറണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ ∙ വിശ്വാസ വോട്ടെടുപ്പു ദിവസം തമിഴ്നാട് നിയമസഭയിലുണ്ടായ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങളുടെ കോപ്പി പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനു കൈമാറാൻ മദ്രാസ് ഹൈക്കോടതി നിയമസഭാ സെക്രട്ടറിയോടു നിർദേശിച്ചു. ഇതു പരിശോധിച്ച ശേഷം സ്റ്റാലിൻ മറുപടി നൽകണം. എടപ്പാടി കെ.പളനിസാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള സ്റ്റാലിന്റെ ഹർജി 24നു വീണ്ടും പരിഗണിക്കും.

നടപടികളുടെ മുഴുവൻ വിഡിയോ ദൃശ്യങ്ങളും സെക്രട്ടറി ഇന്നലെ കോടതിയിൽ സമർപ്പിച്ചു. സത്യവാങ്മൂലം മുഴുവൻ നുണയാണെന്നും വിഡിയോ ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യതയുണ്ടെന്നും സ്റ്റാലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, 67 മാധ്യമ പ്രവർത്തകർ സഭ നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തിയിട്ടുണ്ടായിരുന്നുവെന്നും അതുകൊണ്ടു തന്നെ ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ മറുപടി നൽകി.