ജയിച്ചാലും തോറ്റാലും ശ്രീകാന്തിന് വൈക്ലബ്യം

മഥുരയിലെ ബിജെപി സ്ഥാനാർഥി ശ്രീകാന്ത് ശർമ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് ഒപ്പം.

പ്രധാനമന്ത്രിയുടെ പൊതുയോഗത്തിനെക്കാൾ പത്രാസാണു ബിജെപി പ്രസിഡന്റ് അമിത് ഷായുടെ യോഗത്തിനെന്നു തോന്നും. മുളകൊണ്ടുള്ള ബാരിക്കേഡുകൾ, നേതാക്കൾക്കിരിക്കാൻ തരാതരംപോലെ കസേരകൾ, പരവതാനികൾ, കനത്ത സുരക്ഷ... ബിജെപിയുടെ മീഡിയ കോഓർഡിനേറ്റർ ശ്രീകാന്ത് ശർമയുടെ പ്രചാരണത്തിനെത്തിയതാണ് അമിത് ഷാ!

ഉത്തർപ്രദേശ് മഥുര സ്വദേശിയാണു ശർമ. ഡൽഹിയിലാണു സ്ഥിരവാസം. ഡൽഹി സർവകലാശാലയിലെ ഒരു കോളജ് യൂണിയൻ എൻഎസ്‌യുവിൽനിന്നു പിടിച്ചെടുത്തു ചെയർമാൻ ആയതോടെയാണു ശ്രീകാന്ത് ഉദിക്കുന്നത്. ബിജെപിക്കുവേണ്ടി ആദ്യം ചാനൽ ചർച്ചകളിൽ വാക്പയറ്റു നടത്തി. പിന്നീഡ് മീഡിയ കോഓർഡിനേറ്ററായി. അരുൺ ജയ്റ്റ്ലിയുടെ സ്വന്തം ആളായതോടെയാണു പാർട്ടിയിൽ വച്ചടിവച്ചടി കയറ്റം തുടങ്ങിയത്. ഇപ്പോൾ ദേശീയ സെക്രട്ടറിയുമാണു ശ്രീകാന്ത് ശർമ. പറഞ്ഞിട്ടെന്താ, 2014ൽ ശ്രീകാന്തിനു ലോക്സഭാ സീറ്റു കിട്ടുമെന്നു ഡ്രീം ഉണ്ടായിരുന്നതാണ്.

അവസാന നിമിഷം ഡ്രീം ഗേൾ ഹേമമാലിനി ആ ഡ്രീം തട്ടിയെടുത്തു. ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ വൻ സ്വാധീനമുള്ള നേതാവെന്നാണു ഡൽഹിയിൽ ധരിപ്പിച്ചിരിക്കുന്നത്. അതാണു നിയമസഭാ സീറ്റു കിട്ടാൻ കാരണം. മഥുര എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഗോപികമാരും ഗോക്കളും വൃന്ദാവനവുമൊന്നും ഇവിടെയില്ല. ചപ്പും ചവറും പൊടിയും പൊട്ടിപ്പൊളിഞ്ഞ ഓടകളും നിറഞ്ഞ നഗരം. റോഡിനിരുവശത്തും സർവത്ര പഞ്ചറൊട്ടിപ്പുകടകളാണ്.

ഇത്രയധികം പഞ്ചർ എങ്ങനെ ഈ നഗരത്തിലെന്ന സംശയം തീർന്നത് അമിത് ഷായുടെ പൊതുയോഗം നടക്കുന്ന രാംലീലാ മൈതാനത്തെത്തിയപ്പോഴാണ്. ഏതോ ബിജെപി നേതാവിന്റെ ടൊയോട്ട ഫോർച്യൂണർ ഉൾപ്പെടെ പല വണ്ടികളും പഞ്ചറായി കിടക്കുന്നു. റോഡിലാകെ ആണികൾ നിറഞ്ഞതിനാലാണത്രേ സർവത്ര പഞ്ചർ.

അമിത് ഷായുടെ പ്രസംഗം യുപിയിലെല്ലാം ഒരുപോലെയാണ്. ഇവിടെ ഇലക്‌ഷൻ യുപി നിയമസഭയിലേക്ക് എംഎൽഎമാരെ സൃഷ്ടിക്കാനോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനോ അല്ലെന്നതാണു പ്രധാന പോയിന്റ്...! യുപിയുടെ ഭാവി തീരുമാനിക്കാനാണ് ഈ ‘ചുനാവ്’. ഡൽഹിയിൽ മോദിയും യുപിയിൽ ബിജെപി സർക്കാരും ചേരുമ്പോൾ എന്തൊക്കെ സംഭവിക്കില്ല... ദാരിദ്ര്യ നിർമാർജനം അടക്കം ജനമനസ്സിലേക്ക് അമിത മോഹത്തിന്റെ വിത്തിടുകയാണ് അമിത് ഷാ.

വെറും വാചകമടിയല്ല, യുപിയിൽ‍ പ്രവർത്തിച്ചു കാണിച്ചുകൊടുത്തിട്ടുള്ളയാളാണ് അമിത് ഷാ. 2014ൽ ഷായ്ക്കായിരുന്നു യുപി പ്രചാരണത്തിന്റെ ചുമതല. ഫലം വന്നപ്പോൾ 80 പാർലമെന്റ് സീറ്റിൽ 71 എണ്ണം ബിജെപിക്കും രണ്ടെണ്ണം സഖ്യകക്ഷി അപ്നാ ദളിനും. ആരും പ്രതീക്ഷിക്കാത്ത വിജയം മോദിയെ ഭരണത്തിലേറ്റി. അമിത് ഷാ നക്ഷത്രമായി; ബിജെപി അധ്യക്ഷനായി. പക്ഷേ ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. അച്ഛൻ–മകൻ ഗുസ്തിക്കു ശേഷം സമാജ്‌വാദി പാർട്ടി പിളർന്നില്ല. കോൺഗ്രസുമായി സഖ്യമാവുകയും ചെയ്തതോടെ മുസ്‌ലിം വോട്ടുകൾ അങ്ങോട്ടു പോയി.

പശ്ചിമ യുപിയിൽപ്പെട്ട മഥുരയിൽ ബിഎസ്പിക്കും മായാവതിക്കും നിർണായക സ്വാധീനമുണ്ട്. അജിത് സിങ്ങിന്റെ ആർഎൽഡിയും ഇവിടെ ശക്തമാണ്. മഥുരയിലെ അങ്ങാടിയിലിറങ്ങി നാട്ടുകാരോടു ചോദിച്ചു, ആരു ജയിക്കും? കോൺഗ്രസിന്റെ പ്രദീപ് മാഥൂറോ ആർഎൽഡിയുടെ അശോക് അഗർവാളോ ജയിക്കുമെന്നു റോഡരികിലെ പെട്ടിക്കടയിൽ ബിസ്കറ്റ് ചുട്ടു നൽകുന്ന മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. 10 രൂപയാണ് ഒരുകൂട് ചൂടു ബിസ്കറ്റിന്. നോട്ടു റദ്ദാക്കൽ ഇത്തരം ചെറുകിട കച്ചവടക്കാരുടെ കട പൂട്ടിച്ചതാണ്.

ശ്രീകാന്ത് ശർമയ്ക്കാണെങ്കിൽ ജയിച്ചാലും തോറ്റാലും വൈക്ലബ്യമാണ്. ജയിച്ചാൽ ഡൽഹിയിൽനിന്നു മഥുരയിലേക്കു മാറണം. തോറ്റാലോ..? മഥുരയിലെ രാജകുമാരൻ എന്ന ഇമേജ് പൊളിയും. ‘അഖിലേഷ് ബനേംഗി സർക്കാർ’ എന്നാണു മണ്ഡലത്തിലാകെ കേൾക്കുന്നത്. മറിച്ച് ബിജെപിക്കു ഭൂരിപക്ഷം കിട്ടുകയും മഥുരയിൽ ജയിക്കുകയും ചെയ്താൽ ഷുവർ മന്ത്രിയാണു ശ്രീകാന്ത്.