മുഖം വെളുക്കാൻ ക്രീം; പുരട്ടിയവർ നേരെ ആശുപത്രിയിലേക്ക്

കാസർകോട് ∙ വെളുക്കാൻ തേച്ചതു പാണ്ടാവുക എന്ന ചൊല്ലു ശരിവയ്ക്കുന്നതു പോലെയാണു കാസർകോട് ഇപ്പോൾ ചിലരുടെ അവസ്ഥ. മുഖം വെളുക്കാനുള്ള വിദേശ ക്രീം വാങ്ങി പുരട്ടിയ നൂറ്റിയറുപതോളം പേരാണു ചർമപ്രശ്നങ്ങളുമായി ഇവിടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജിയിൽ (ഐഎഡി) ഒരുമാസത്തിനിടെ എത്തിയത്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകാവുന്ന ഗണത്തിൽപെട്ടതിന്റെ ആനുകൂല്യം മുതലാക്കി ബുക്ക് സ്റ്റാളിലും ബാർബർ ഷോപ്പിലും വരെ ഈ ക്രീമുകൾ വിൽക്കുന്നു. കർണാടകയിൽ നിന്നും അയൽജില്ലകളിൽ നിന്നും ഇവ തേടി ആളെത്തുന്നുണ്ട്. വിദേശത്തു നിന്നെത്തുന്ന രണ്ടു ക്രീമുകൾക്കു പുറമെ, അഞ്ചിലേറെ ഇന്ത്യൻ ക്രീമുകളും ഇവിടെ ലഭിക്കുന്നു. ഘടകപദാർഥങ്ങൾ ഏതൊക്കെയെന്നു പോലും വ്യക്തമാക്കാതെയാണു വിദേശ ക്രീം വിപണിയിലെത്തുന്നത്. ഉപയോഗിക്കുന്നവർ അധികവും ആൺകുട്ടികളാണ്. സ്റ്റിറോയ്ഡുകളുടെയും മെർക്കുറിയുടെയും സാന്നിധ്യം ഈ ക്രീമുകളിലുണ്ടാവുമെന്നു ചർമരോഗ വിദഗ്ധൻ ഡോ. എസ്.ആർ.നരഹരി പറയുന്നു.

തേച്ചില്ലേൽ കറുക്കും, തേച്ചാൽ തിണർക്കും

ചികിൽസതേടിയവരിലെ ആരോഗ്യപ്രശ്നങ്ങൾ ഇങ്ങനെ: ക്രീം ഉപയോഗിക്കാത്തപ്പോൾ മുഖം കൂടുതൽ ഇരുണ്ടുപോവുന്നു, പൊള്ളലേറ്റതു പോലെ ചുവന്നു തിണർത്ത പാടുകൾ പടരുന്നു. നെറ്റിത്തടത്തിനു മുകളിൽ ഇരുണ്ട പാടുകൾ.