Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റിൽ പറഞ്ഞു കൊതിപ്പിച്ചു; പദ്ധതി വന്നപ്പോൾ കേരളവർമ കോളജ് ‘ഔട്ട്’

തൃശൂർ ∙ മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ കേരളവർമ കോളജിനു പ്രഖ്യാപിച്ച 30 കോടി രൂപ ഇപ്പോൾ കടലാസിൽ പോലുമില്ല. പ്രഖ്യാപനത്തിൽ വിശ്വസിച്ചു 120 പേജുള്ള വിശദ പദ്ധതിരേഖ തയാറാക്കിയ കോളജ് അധികൃതർ കാത്തിരിക്കുമ്പോഴാണു തുക മറ്റു നാലു കോളജുകൾക്കായി വീതിച്ചു നൽകിയെന്ന വിവരമറിയുന്നത്.

അഞ്ചു കോളജുകളെ സെന്റർ ഓഫ് എക്സലൻസ് പദ്ധതിയിൽ പെടുത്താൻ 150 കോടി രൂപ നീക്കിവച്ചതായാണു മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. കേരളവർമ കോളജിനു പുറമേ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണൻ, എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവയാണു ബജറ്റിൽ ഇടം പിടിച്ചത്. ഇതുപ്രകാരം ഡിസംബറിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്നു ഫോൺ വിളിച്ചു വിശദ പദ്ധതി ആവശ്യപ്പെടുകയും കോളജ് അധികൃതർ അടുത്ത ദിവസങ്ങളിൽ തന്നെ അയച്ചു കൊടുക്കുകയും ചെയ്തു.

ആദ്യം പദ്ധതി സമർപ്പിച്ചതും കേരളവർമ കോളജാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് അധികൃതർ പറയുന്നു. 150 കോടി രൂപ 30 കോടി രൂപ വീതം അഞ്ചു കോളജുകൾക്കു വിഭജിച്ചു നൽകി സെന്റർ ഓഫ് എക്സലൻസ് ആക്കി മാറ്റുക എന്നതായിരുന്നു പദ്ധതി. വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു കാത്തിരിക്കുമ്പോഴാണു 150 കോടി രൂപയും മറ്റു നാലു കോളജുകൾക്കു 37.5 കോടി രൂപ വീതം വീതിച്ചു നൽകിയെന്ന വിവരം ലഭിക്കുന്നത്. 120 പേജുള്ള വിശദ പദ്ധതി ഇനി എന്തുചെയ്യുമെന്നതാണു കോളജ് മാനേജ്മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഏതെങ്കിലും വിധേന സർക്കാർ ഈ ഫണ്ട് കണ്ടെത്തി നൽകുമെന്ന പ്രതീക്ഷയിൽ മന്ത്രി തോമസ് ഐസക്കിനെ സമീപിക്കാനിരിക്കുകയാണു കോളജ് അധികൃതർ. സ്മാർട് ക്ലാസ് മുറികൾ, റിസർച് സെന്ററുകൾ, സോളർ വൈദ്യുതി ഉപയോഗം, ചരിത്രപ്രാധാന്യമുള്ള കോളജ് കെട്ടിടത്തിന്റെ സംരക്ഷണം, കോളജിന്റെ ജൈവസമ്പത്ത് നിലനിർത്തൽ, അംഗപരിമിതർക്കായുള്ള കേന്ദ്രം ഇവ ലക്ഷ്യമിടുന്നതാണു വിശദ പദ്ധതി റിപ്പോർട്ട്.

Your Rating: