ബിജെപി നേതാക്കൾ ഇന്ന് രാജ്നാഥ് സിങ്ങിനെ കാണും

തിരുവനന്തപുരം∙ സംസ്ഥാനത്തു വർധിച്ചുവരുന്ന സിപിഎം അതിക്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രിക്കു നിവേദനം നൽകാൻ ബിജെപി തീരുമാനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് എന്നിവർ ഇന്നു രാവിലെ 9.30നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങുമായി കൂടിക്കാഴ്ച നടത്തും.

കേരളത്തിൽ നിലനിൽക്കുന്ന സ്ഥിതി സംബന്ധിച്ചു കേന്ദ്രത്തിനു പല കാര്യങ്ങളും ചെയ്യാൻ കഴിയും. ഇവിടത്തെ സ്ഥിതിഗതികൾ എന്തെന്ന് ആഭ്യന്തര മന്ത്രാലയം പഠിക്കട്ടെയെന്നു കോർ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. പാലക്കാട് പുതുശേരിയിൽ മരിച്ച വിമലാദേവിയുടെ ചിതാഭസ്മം വഹിച്ചു സംസ്ഥാന തലത്തിൽ രണ്ടു യാത്രകൾ നടത്താൻ ബിജെപി തീരുമാനിച്ചു.

26 മുതൽ മാർച്ച് മൂന്നു വരെയാണു യാത്ര. പാലക്കാട് നിന്നു മഞ്ചേശ്വരത്തേയ്ക്കും തിരുവല്ലത്തേയ്ക്കുമാണു യാത്ര. പാലക്കാട് - മഞ്ചേശ്വരം യാത്ര ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും. തിരുവല്ലത്തേയ്ക്കുള്ള യാത്ര മഹിളാമോർച്ച പ്രസിഡന്റ് രേണു സുരേന്ദ്രനും നയിക്കും. രണ്ടു യാത്രകളിലും അറുപതോളം മഹിളാ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അറിയിച്ചു.

റേഷനരി മുടങ്ങുന്നതിന് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്രം നൽകിയ അരി തരൂ എന്ന മുദ്രാവാക്യം ഉയർത്തി 20നു പഞ്ചായത്ത് കേന്ദ്രങ്ങളിൽ രാപകൽ സത്യഗ്രഹം നടത്തും. 11നു ദീനദയാൽ ഉപാധ്യായ ബലിദാൻ ദിവസത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന യോഗം ബൂത്തടിസ്ഥാനത്തിൽ നടത്തും. സർക്കാരിന്റെ പല കാര്യങ്ങളിലും സിപിഐ ഉൾപ്പെടെ കക്ഷികൾ വ്യത്യസ്ത അഭിപ്രായം പറയുന്ന സ്ഥിതിക്ക് സിപിഎം നിലപാടു തിരുത്തണമെന്നും കുമ്മനം പറഞ്ഞു.