രോഗിയായ വീട്ടമ്മയെ കിടക്കയോടെ വീട്ടിൽനിന്ന് ഇറക്കിവിട്ടു

ഇനി എങ്ങോട്ട് ? കോടതി ഉത്തരവിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പിൽ ബബിതയെ പൊലീസ് കിടക്കയോടെ വീട്ടിൽനിന്നു പുറത്തിറക്കുന്നു.

കാഞ്ഞിരപ്പള്ളി ∙ അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടർന്നു പൊലീസ് ഒഴിപ്പിച്ചു. കുടുംബസ്വത്തു സംബന്ധിച്ച തർക്കത്തിൽ ഭർതൃസഹോദരൻ നൽകിയ കേസിലാണു പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവരെ ഇന്നലെ പൊലീസ് വീട്ടിൽനിന്ന് ഇറക്കിവിട്ടത്. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുൻപേ വീട് ഒഴിപ്പിക്കുകയായിരുന്നു.

മൂന്നുവർഷം മുൻപാണു ബബിതയുടെ ഭർത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി.

താമസിക്കാൻ വേറെ വീടോ സ്ഥലമോ ഇല്ലെന്നു ബബിത പറയുന്നു. വീടൊഴിയാൻ മൂന്നുദിവസം സാവകാശം ആവശ്യപ്പെട്ടു വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളി. ശനിയാഴ്ച വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു.

പലകകളും തുണിയും ഉപയോഗിച്ചു മറച്ച വീട്. വാതിലില്ല, വൈദ്യുതിയില്ല. ഒരാൾക്കുമാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒൻപതാം ക്ലാസുകാരിക്ക് ഇരുന്നുപഠിക്കാൻ കസേരയോ മേശയോ ഇല്ല. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്എെയെ കോടതിയിൽ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുൻപ് ഉത്തരവു നടപ്പാക്കാൻ കർശനനിർദേശം നൽകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

വീടും ഒരുസെന്റ് സ്ഥലവും ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടർന്നാണു കേസുവന്നത്. ബബിതയ്ക്കു 3,90,000 രൂപ നൽകാൻ ഏറ്റുമാനൂർ കുടുംബക്കോടതി 2010ൽ വിധിച്ചിരുന്നു. ഇതിനെതിരെ ഭർതൃവീട്ടുകാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും ബബിത പറയുന്നു. ആശുപത്രി വിട്ടാൽ എങ്ങോട്ട് എന്ന ചോദ്യത്തിന് രണ്ടുപേർക്കും ഉത്തരമില്ല. വീട്ടു ചെലവും പഠനച്ചെലവും നടത്തിയിരുന്നത് കാഞ്ഞിരപ്പള്ളി മുസ്‌ലിം അസോസിയേഷനാണ്.