Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദമാക്കിയത് ഗോവയിൽ നിന്നുള്ള വിളി; സ്ഥിരീകരിക്കാതെ ശശീന്ദ്രൻ

sasindran-2 രാജിപ്രഖ്യാപനത്തിനായി കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എ.കെ. ശശീന്ദ്രൻ. ചിത്രം: മനോരമ

തിരുവനന്തപുരം ∙ ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ മന്ത്രി എ.കെ. ശശീന്ദ്രന്റെ അവിടെ നിന്നുള്ള ഫോൺവിളിയാണു വിവാദമായതും രാജിയിലേക്കു നയിച്ചതും. താനിപ്പോൾ ഗോവയിലാണ് എന്നു പറഞ്ഞു കൊണ്ടാണ് ശശീന്ദ്രന്റേത് എന്നു പറയുന്ന സംഭാഷണം തുടങ്ങുന്നത്.

ഗോവ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്നതിനു തലേന്ന് ഫെബ്രുവരി ഒന്നിന് രാത്രി ഏഴു മണിയോടെയാണ് എ.കെ. ശശീന്ദ്രൻ, എൻസിപി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി എന്നിവർ ഗോവയിൽ എത്തിയത്.

വാസ്കോഡ ഗാമ മണ്ഡലത്തിലെ ലാപാസ് ഹോട്ടലിലായിരുന്നു താമസം. മലയാളി സമാജത്തിന്റെ അത്താഴവിരുന്നിൽ പങ്കെടുത്ത മന്ത്രി എൻസിപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫിസ് സന്ദർശിച്ച്, രാത്രി പന്ത്രണ്ടിനാണു ഹോട്ടലിൽ തിരിച്ചെത്തിയത്.

രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം എൻസിപി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലേക്കു കടന്നു. ചർച്ചിൽ അലിമാവോയുടെ പ്രചാരണസമാപനത്തിൽ പ്രസംഗിച്ച് രാത്രി എട്ടുമണിയുടെ ട്രെയിനിൽ കേരളത്തിലേക്കു മടങ്ങി. 

ഗോവയിൽ ആയിരുന്ന സമയത്ത് ഇത്തരം സംഭാഷണം ഉണ്ടായതായി അറിവില്ലെന്നാണു ശശീന്ദ്രൻ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞത്. തലസ്ഥാനത്തു സിപിഎം സംസ്ഥാന സമിതി ചേരുന്നതിനാൽ അടിയന്തര മുഖംരക്ഷിക്കൽ നടപടികൾ ഉണ്ടാവുമെന്നു വ്യക്തമായിരുന്നു.

ഉച്ചയ്ക്കു പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലും രാജി അനിവാര്യമാണെന്ന സൂചന നിറഞ്ഞുനിന്നു. ഇത്തരം ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ അതു ഗൗരവമായി തന്നെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ മടിച്ചുനിൽക്കാതെ ശശീന്ദ്രൻ രാജിനൽകി.

എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയനുമായും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും സംസാരിച്ച ശേഷമാണു രാജിക്കാര്യം മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്.

കൂടുതൽ കാത്തുനിൽക്കാതെ രാജിവയ്ക്കാനുള്ള കാരണവും ശശീന്ദ്രൻ പറഞ്ഞു: ‘പ്രതിപക്ഷത്തായിരുന്നപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ പലരുടെയും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ നിലപാടു മാറ്റുന്നതു ശരിയല്ല. 

മന്ത്രി സ്ഥാനം അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കാനാണു രാജി വയ്ക്കുന്നത്. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല.’ 

മന്ത്രി സ്ഥാനം ഇല്ലാതാക്കാൻ ആരെങ്കിലും ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നില്ലെന്നു ശശീന്ദ്രൻ കൂട്ടിച്ചേർത്തു. തന്റെപേരിൽ വോട്ടർമാരോ പാർട്ടി അനുഭാവികളോ ഇടതുമുന്നണി പ്രവർത്തകരോ തലകുനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories
Your Rating: