ശങ്കർ റെഡ്ഡിക്ക് എതിരായ കേസ്: വിജിലൻസിനു വിമർശനം

തിരുവനന്തപുരം∙ ബാർ കോഴക്കേസ് അട്ടിമറിക്കാൻ വിജിലൻസ് ഡയറക്ടറായിരുന്ന എൻ.ശങ്കർ റെഡ്ഡി ശ്രമിച്ചെന്ന പരാതിയിലെ അന്വേഷണത്തിൽ വിജിലൻസിനു കോടതിയുടെ വിമർശനം. അന്വേഷണം ശരിയായ രീതിയിലല്ലെന്നു കോടതി നിരീക്ഷിച്ചു.

ഡിജിപി റാങ്കിലുള്ള ശങ്കർ റെഡ്ഡിക്കെതിരായുള്ള ആരോപണം സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത് അനുചിതമാണ്. നേരത്തേ ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആർ.സുകേശനെതിരെ ആരോപണമുണ്ടായപ്പോൾ എസ്പി റാങ്കിലെ ഉദ്യോഗസ്ഥനാണ് അത് അന്വേഷിച്ചത്.

എന്നാൽ വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർ റെഡ്ഡിക്കെതിരെ ആരോപണം വന്നപ്പോൾ അന്വേഷണം സിഐയെ ഏൽപിച്ചു. ഇതെങ്ങനെ നീതിപൂർവകമാകുമെന്നു കോടതി വിജിലൻസിനോടു ചോദിച്ചു. 12നു കേസ് വീണ്ടും പരിഗണിക്കും.