Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കർ റെഡ്ഡി നിയമനം: ഹർജിക്കു പ്രസക്തിയില്ലെന്നു വിജിലൻസ്

N Sankar Reddy

തിരുവനന്തപുരം∙വിജിലൻസ് ഡയറക്ടറായി എൻ.ശങ്കർ റെഡ്ഡിയെ നിയമിച്ചതിൽ അഴിമതി നടത്തിയെന്ന ഹർജിക്കു പ്രസക്തിയില്ലെന്നു വിജിലൻസ്. സർക്കാരിന്റെ ഉത്തരവോടെയാണു നിയമനം നടത്തിയത്. നിയമനത്തിൽ അട്ടിമറി നടന്നെന്ന ആരോപണത്തിനു തെളിവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കി അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് തള്ളണമെന്ന ഹർജിയിൽ വാദം കേൾക്കുമ്പോഴാണു വിജിലൻസ് അഭിഭാഷകൻ കോടതിയെ ഇക്കാര്യം അറിയിച്ചത്.

എന്നാൽ നിയമനം മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും സീനിയോറിറ്റി മറികടന്നെന്നും ഹർജിക്കാരൻ വാദിച്ചു. പ്രതിക്കൂട്ടിൽ നിർത്താനുള്ള തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു പരാതിക്കാരനു വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്യാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഈ ഹർജിയുടെ വിധി അടുത്ത മാസം മൂന്നിനു പറയും.

ബാർ കോഴ കേസിൽ ശങ്കർ റെഡ്ഡിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിനെതിരെ നൽകിയ ഹർജിയിലും കോടതി വാദം കേട്ടു. വിജിലൻസ് ഡയറക്ടർ ആയിരുന്ന ശങ്കർ റെഡ്‌ഡി ബാർ കോഴ കേസ് അട്ടിമറിച്ചതാണോ അതോ ഒരു മേലുദ്യോഗസ്ഥനെന്ന അധികാരത്തിൽ നടപടി എടുത്തതാണോ എന്നു കോടതി ചോദിച്ചു. ബാർ കോഴ കേസ് ആദ്യം അന്വേഷിച്ച എസ്പി ആർ.സുകേശൻ കേസിൽ തെളിവില്ലെന്നും തുടർനടപടി അവസാനിപ്പിക്കണമെന്നും കാണിച്ചു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തത വരുത്തുക മാത്രമാണു ഡയറക്ടർ ചെയ്തതെന്നു വിജിലൻസ് അഭിഭാഷകൻ പറഞ്ഞു. എന്നാൽ ശങ്കർ റെഡ്ഡിയുടെ നിർബന്ധം കാരണം സമർപ്പിച്ച റിപ്പോർട്ട് ആണിതെന്നു ഹർജിക്കാരൻ പറഞ്ഞു. പറയുന്ന വാദം തെളിയിക്കാൻ രേഖകൾ ഉണ്ടോയെന്നു കോടതി ചോദിച്ചു. ഈ ഹർജിയിലും അടുത്ത മൂന്നിനു വിധി പറയും.