എൻജി. വിദ്യാർഥി കൈത്തണ്ട മുറിച്ച നിലയിൽ; കോളജ് അധികൃതർക്കെതിരെ കേസ്

കട്ടച്ചിറ (ആലപ്പുഴ) ∙ ഹോസ്റ്റൽ മുറിയിൽ എൻജിനീയറിങ് വിദ്യാർഥിയെ കൈത്തണ്ട മുറിച്ച നിലയിൽ കണ്ട സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ കേസ്. കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥി ആർഷ് രാജ് (20) ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിലാണു കേസ്.

ഭക്ഷണം കഴിക്കാൻ പുറത്തു പോയതിനു ശേഷം ഹോസ്റ്റലിൽ എത്താൻ താമസിച്ചതിന്റെ പേരിൽ കോളജ് അധികൃതർ ശകാരിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കോളജ് മാനേജർ സുഭാഷ് വാസു, പ്രിൻസിപ്പൽ ഗണേഷ് കുമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച പുലർച്ചെയാണു സംഭവം. അടുത്ത മുറികളിലെ സഹപാഠികളെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആർഷ് രാജ് കായംകുളം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു പോയി. കോളജിലെ ഭക്ഷണശാല വൃത്തിഹീനമായി കിടക്കുന്നതു സംബന്ധിച്ചു വിദ്യാർഥികൾ പ്രിൻസിപ്പലിനു പരാതി നൽകിയിരുന്നു. തുടർന്നു പുറത്തുപോയി ഭക്ഷണം കഴിക്കാൻ പ്രിൻസിപ്പൽ അനുവദിച്ചതായി വിദ്യാർഥികൾ പറഞ്ഞു.

വൈകിട്ടു പുറത്തുപോയി തിരികെ എത്താൻ വൈകിയതിന്റെ പേരിൽ പ്രിൻസിപ്പൽ ശകാരിക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ശിവസുതൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ചു വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കോളജിലേക്കും മാനേജർ സുഭാഷ് വാസുവിന്റെ വീട്ടിലേക്കും മാർച്ച് നടത്തി. കെപി റോഡ് വിദ്യാർഥി സംഘടനകൾ ഉപരോധിച്ചു.