ബിഎംഎസ് പ്രവർത്തകൻ മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നു സൂചന

മരിച്ച കെ.സന്ദീപ്

കാസർകോട് ∙ പൊലീസ് കസ്റ്റഡിയിലെടുത്ത ബിഎംഎസ് പ്രവർത്തകൻ കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ കെ.സന്ദീപ്(28) മരിച്ചതു തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നു സൂചന. പൊലീസിനെ കണ്ടു ഭയന്നോടുന്നതിനിടെ തലയിടിച്ചു വീണു പരുക്കേറ്റതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം.

റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്ര നായിക്കിന് ഇന്നു കൈമാറും. നെറ്റിയിലേറ്റ ക്ഷതത്തേത്തുടർന്നു തലച്ചോറിൽ രക്തസ്രാവമുണ്ടായെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തൽ. പൊലീസ് ജീപ്പ് എത്തുന്നതു കണ്ടു സന്ദീപ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

ഇതിനിടെ സന്ദീപ് നിലത്തുവീണു. വീഴ്ചയിൽ നെറ്റി നിലത്തിടിച്ചു പരുക്കേറ്റിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഇല്ലെന്നും മർദനമേറ്റതിന്റെ പാടുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ആറംഗ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് കഴിഞ്ഞ ഏഴിന് കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത കെ.സന്ദീപ് (28) സ്റ്റേഷനിലെത്തും മുൻപ് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സന്ദീപിനു പൊലീസിന്റെ മർദനമേറ്റതായി ബന്ധുക്കളും ബിജെപി ജില്ലാ നേതൃത്വവും ആരോപിച്ചിരുന്നു. ആരോപണത്തെ തുടർന്നു കാസർകോട് ടൗൺ എസ്ഐ പി. അജിത്കുമാറിനെ എആർ ക്യാംപിലേക്കു സ്ഥലംമാറ്റി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ഉത്തരവ് ഇറക്കിയിരുന്നു.

സന്ദീപിനു മർദനമേറ്റെന്ന ആരോപണം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.അസൈനാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്. സന്ദീപിന്റെ മരണം സംബന്ധിച്ച കേസ് ഡിവൈഎസ്പി കെ.ഹരിശ്ചന്ദ്ര നായിക്കാണ് അന്വേഷിക്കുന്നത്.