Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസിൽ ചേർന്നെന്ന കേസിൽ പെട്ട പാലക്കാട് സ്വദേശി മരിച്ചെന്നു സന്ദേശം

yahiya ബെസ്റ്റിൻ വിൻസെന്റ് (യഹിയ)

തൃക്കരിപ്പൂർ (കാസർകോട്) ∙ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരുന്നതുമായി ബന്ധപ്പെട്ടു ദുരൂഹസാഹചര്യത്തിൽ കാണാതായവരിൽ ഒരാൾകൂടി മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിൻ വിൻസന്റ് (യഹിയ–23) മരിച്ചതായാണു വിവരം. നേരത്തേ ഇതുസംബന്ധിച്ച വിവരങ്ങൾ നാട്ടിലെത്തിച്ച, പടന്നയിലെ കെ.പി. അഷ്ഫാക്ക് തന്നെയാണ് ഇക്കുറിയും ബന്ധുക്കളെ വിവരമറിയിച്ചത്. അഷ്ഫാക്കിനെയും ഇവർക്കൊപ്പം കാണാതായിരുന്നു.

മൊബൈൽ ടെലിഗ്രാം ആപ് വഴിയാണു സന്ദേശം. അതേസമയം, മരണം സംബന്ധിച്ചോ സംഭവം എവിടെയാണെന്ന കാര്യത്തിലോ കൂടുതൽ വിവരമില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. കാണാതായവരിൽ ടി.കെ. ഹഫീസുദ്ദീൻ, മുർഷിദ് മുഹമ്മദ് (23) എന്നിവർ അഫ്ഗാനിസ്ഥാനിൽ യുഎസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തേ നാട്ടിൽ ലഭിച്ച വിവരം. ഇതിനുപിന്നാലെ 13 മലയാളികൾ കൊല്ലപ്പെട്ടതായി വന്ന പ്രചാരണം വ്യാജമാണെന്ന നിലയിലും മൊബൈൽ ആപ് വഴി സന്ദേശമെത്തിയിരുന്നു.

യഹിയയ്ക്കൊപ്പം ഭാര്യ തമ്മനം സ്വദേശിയായ മെറിനെയും കാണാതായിരുന്നു. യഹിയയുടെ സഹോദരൻ ഈസയും 21 അംഗ സംഘത്തിൽ ഉൾപ്പെടുന്നു. മെറിനെയും യഹിയയെയും ഒരുമിച്ചാണു കാണാതായതെന്നും 21 അംഗത്തിൽ ഇരുവരും ഉൾപ്പെടുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥിരികരിച്ചിരുന്നു. മെറിനൊപ്പം പ്ലസ്ടു മുതൽ ഒരുമിച്ചുപഠിച്ചയാളാണു യഹിയ. കൊച്ചിയിലെ കോളജിൽ നിന്നു പഠനം പൂർത്തിയാക്കി ഇരുവരും മുംബൈയിൽ താമസമാക്കിയിരുന്നു. യഹിയ പലപ്പോഴും തൃക്കരിപ്പൂരിൽ നിന്നു കാണാതായവരുടെ വീട്ടിൽ വന്നുപോയിരുന്നതായി സൂചനയുണ്ട്.