കുടിവെള്ളവിതരണം: ജല അതോറിറ്റി അധികൃതരുമായി മന്ത്രി ചർച്ച നടത്തി

തിരുവനന്തപുരം∙ കടുത്ത വേനലിന്റെ പശ്ചാത്തലത്തിൽ, ലഭ്യമായ കുടിവെള്ളം ഫലപ്രദമായി വിതരണം ചെയ്യുന്നതിനു നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചു മന്ത്രി മാത്യു ടി.തോമസ് ജല അതോറിറ്റി അധികൃതരുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ജല അതോറിറ്റി എംഡി: എ.ഷൈനാമോൾ, അതോറിറ്റിയുടെ വിവിധ ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

എല്ലാ ജില്ലകളിലും താൽക്കാലിക ചെക് ഡാമുകളിലെ വെള്ളം ഉപയോഗപ്പെടുത്തിയും പമ്പിങ്ങിൽ ക്രമീകരണം നടത്തിയും കുടിവെള്ളക്ഷാമം പരിഹരിക്കാൻ തീരുമാനമായി. അതിരൂക്ഷ ക്ഷാമം അനുഭവപ്പെടുന്ന കാസർകോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചും ടാങ്കറിൽ ജലമെത്തിച്ചും വിതരണം നടത്തും.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കുടിവെള്ളക്ഷാമം അത്ര രൂക്ഷമല്ല. കൊല്ലം ജില്ലയിൽ ശാസ്താംകോട്ട റിസർവോയറിലെ ജലനിരപ്പ് ഏറെ താഴ്ന്നെങ്കിലും കെഐപി കനാൽ വഴിയും ജൈക്ക പൈപ്പ് ലൈൻ വഴിയും കുടിവെള്ളം വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവല്ലയിൽ നിന്നാണു മന്ത്രി വിഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.