Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലി കശാപ്പ്: നിയമസഭ എട്ടിനു സമ്മേളിക്കും

Budget 2012 in Kerala Assembly

തിരുവനന്തപുരം∙ കന്നുകാലികളുടെ വിൽപനയ്ക്കും കശാപ്പിനും നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം സംബന്ധിച്ചു ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം എട്ടിനു വിളിച്ചുചേർക്കാൻ മന്ത്രിസഭായോഗം ഗവർണറോടു ശുപാർശ ചെയ്തു. പതിവു ചോദ്യോത്തരവേള ഒഴിവാക്കി രാവിലെ ഒൻപതിനായിരിക്കും സഭ ചേരുക.

രണ്ടു മണിക്കൂർ ചർച്ചയാണു തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കി പിരിയും. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച നാല് ഓർഡിനൻസുകളിൽ വ്യാഴാഴ്ച രാത്രി ഗവർണർ ഒപ്പുവച്ചതോടെയാണ് ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങളും സ്വീകരിക്കേണ്ട സമീപനവും മന്ത്രിസഭ ചർച്ച ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിനു കീഴിൽ പുതിയ ചട്ടങ്ങൾ രൂപീകരിച്ചു വിജ്ഞാപനമിറക്കിയതിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കടന്നുകയറിയെന്നാണു കേരളത്തിന്റെ നിലപാട്.

ഫലത്തിൽ ഇതു കശാപ്പു തടയുന്നതിനു തുല്യമാണെന്നും ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ മറികടക്കാൻ എല്ലാ നിയമനടപടികളും സ്വീകരിക്കുക എന്നതാണു സർക്കാർ നിലപാട്. നിയമനിർമാണം നടത്തണമെങ്കിൽ അത് എങ്ങനെ വേണമെന്നു സഭയുടെ പൊതുവികാരത്തിന് അനുസരിച്ചു തീരുമാനിക്കും.