ഹാദിയ കേസ്: ഷഫീൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി∙ ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ (അഖില)യുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് ഷഫീൻ ജവാൻ സുപ്രീം കോടതിയെ സമീപിച്ചു. വീട്ടു തടങ്കലിലുള്ള യുവതിയെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഡിജിപിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണു ഹർജി.

മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ചു അഖിലയുടെ പിതാവ് അശോകൻ നൽകിയ ഹർജിയിലായിരുന്നു വിധി. യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

ഹാദിയ ഇപ്പോൾ

ഹൈക്കോടതി ഉത്തരവനുസരിച്ച് പെ‌ാലിസ് സംരക്ഷണത്തോടെ വൈക്കം ടിവി പുരത്തെ വീട്ടിലാണ് ഇപ്പോൾ ഹാദിയ (അഖില). അച്ഛന്റെ സംരക്ഷണത്തിൽ വിടാനും കുടുംബത്തിനു പെ‌ാലീസ് സംരക്ഷണം നൽകാനുമാണ് മേയ് 24ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇതനുസരിച്ച് വനിതാ പെ‌ാലീസുകാരുൾപ്പെടെ സായുധ പെ‌ാലീസ് സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.