Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനു പ്രത്യേക പരിഗണനയെന്നു സൂചന; അന്വേഷണം തുടങ്ങി

Dileep

കൊച്ചി ∙ നടിയെ ഉപദ്രവിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസിൽ പ്രതിയായി ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയിൽ വക സഹായി. സെല്ലിൽ ദിലീപിന്റെ സഹായത്തിന് തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ചില ഉദ്യോഗസ്ഥർ ഇടപെട്ടു വിട്ടുകൊടുത്തത്. ജയിൽ ജീവനക്കാർക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നൽകി. ഇതുൾപ്പെടെയുള്ള വിഐപി പരിഗണനയെക്കുറിച്ചു ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.

പരാശ്രയമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്കു മാത്രമാണു സഹായത്തിനു സഹതടവുകാരെ അനുവദിക്കാറുള്ളത്. തുണിയലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണു സഹായിയുടെ പണി. ഓരോ സെല്ലിനും പുറത്തുള്ള വരാന്തയിൽ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിയാക്കി നിർത്തിയശേഷം ഭക്ഷണം വിളമ്പുകയാണു ജയിലിലെ രീതി. എന്നാൽ, ദിലീപിന് രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. 

മറ്റു തടവുകാർ ഭക്ഷണം കഴിച്ചു സെല്ലിൽ കയറിയശേഷമാണു ദിലീപിനെ അടുക്കളയിലെത്തിക്കുന്നത്. ജയിൽ മെനുവിൽ പെടാത്ത വിഭവങ്ങളാണ് ഇവിടെ തയാറാക്കുന്നത്. മറ്റു തടവുകാർക്കൊപ്പം പുറത്തിറക്കി ദിലീപിനെ കുളിപ്പിക്കുന്ന രീതിയും നിന്നു. എല്ലാവരും കുളിച്ചുപോയതിനുശേഷം ഇതിനുള്ള സൗകര്യമൊരുക്കുകയാണ് ഇപ്പോൾ.

സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നിൽ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണ് അന്വേഷണം. ദിലീപ് ജയിലിൽ കഴിയുമ്പോൾ, ഉന്നതോദ്യോഗസ്ഥനെ ഇരട്ടക്കൊലക്കേസ് പ്രതി അവധിദിനത്തിൽ സന്ദർശിച്ചതു വിവാദമായിരുന്നു. ദിലീപിനെ കാണാൻ ബന്ധുക്കളെയും അഭിഭാഷകനെയും മാത്രമേ അനുവദിക്കാവൂ എന്ന ജയിൽ മേധാവിയുടെ നിർദേശം മറികടന്നു കഴിഞ്ഞ ദിവസം സുഹൃത്തിനു സന്ദർശനം അനുവദിച്ചിരുന്നു. ഇതേത്തുടർന്നു ജയിലിലെ സന്ദർശക റജിസ്റ്റർ അന്വേഷണ സംഘം പരിശോധിച്ചതായാണു വിവരം. 

related stories