Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ കോഴ: വഴിമുട്ടി അന്വേഷണം; രേഖകൾക്കായി കാക്കുന്നെന്നു വിജിലൻസ്

bribe-3-6-2017-1

തിരുവനന്തപുരം∙ ബിജെപി നേതാക്കൾ ആരോപണവിധേയരായ മെഡിക്കൽ കോഴ സംബന്ധിച്ച വിജിലൻസ് അന്വേഷണം വഴിമുട്ടി. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.

ഡൽഹി കേന്ദ്രീകരിച്ചു നടന്ന പണമിടപാടായതിനാൽ വിജിലൻസ് ഈ കേസ് എങ്ങനെ അന്വേഷിക്കുമെന്ന ചോദ്യം നേരത്തേ ഉയർന്നിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടാത്തതും സർക്കാരിനു നഷ്ടം സംഭവിക്കാത്തതുമായ കോഴ ആരോപണം എന്ന തടസ്സവും അന്വേഷണ സംഘത്തിനു മുന്നിലുണ്ട്.
എന്നാൽ 25 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നു വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ആദ്യം വിജിലൻസിനു മൊഴി നൽകിയിരുന്നു. ഇതോടെയാണ് അന്വേഷണം പുരോഗമിച്ചത്.

പണമിടപാടുമായി ബന്ധപ്പെട്ട കരാർ ഉണ്ടെന്നും അതു കൈമാറാമെന്നും ഇദ്ദേഹം അറിയിച്ചിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. അതിനായി കാക്കുകയാണ് ഇപ്പോൾ വിജിലൻസ്. കൺസൽറ്റൻസി ഫീസായി 25 ലക്ഷം വാങ്ങിയിട്ടുണ്ടെന്നു ഡൽഹിയിലെ ഇടനിലക്കാരൻ സതീഷ് നായരും സമ്മതിച്ചതായി പറഞ്ഞിരുന്നു.

എന്നാൽ പിന്നീടു മൊഴി നൽകിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടില്ലെന്നും ഒരു പരാതി വന്നപ്പോൾ പരിശോധിക്കാൻ നിർദേശിക്കുക മാത്രമാണു ചെയ്തതെന്നും മൊഴി നൽകി.ബിജെപി അന്വേഷണ കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശനും എ.െക.നസീറുമാകട്ടെ പ്രചരിക്കുന്ന റിപ്പോർട്ട് തങ്ങളുടേതല്ലെന്നും അറിയിച്ചു. ആദ്യം അനുകൂല മൊഴി നൽകിയവർ പിന്നീടു മലക്കം മറിഞ്ഞതോടെയാണ് അന്വേഷണം സ്തംഭിച്ചത്.

പ്രാഥമിക പരിശോധനയ്ക്കു ശേഷം വിജിലൻസ് റിപ്പോർട്ട് ഡയറക്ടർക്കും സർക്കാരിനും നൽകും. മെഡിക്കൽ കോളജ് അനുമതിക്കായി ആർ.ഷാജി 5.65 കോടി രൂപ കൈമാറിയെന്നതാണ് ആരോപണം.