Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം അഭിമാന പദ്ധതിയെന്ന് സർക്കാർ; സിഎജി റിപ്പോർട്ട് തെറ്റെന്ന് ഉമ്മൻചാണ്ടി

കൊച്ചി ∙ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക നേട്ടങ്ങൾ പരിഗണിച്ചാൽ ഏകപക്ഷീയമായി പദ്ധതി നിർത്തലാക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ (പിഎജി) റിപ്പോർട്ട് മാത്രം ആധാരമാക്കി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) തയാറാക്കിയ റിപ്പോർട്ട് തെറ്റാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്ന തരത്തിൽ അദാനി ഗ്രൂപ്പുമായി കരാറുണ്ടാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ പൊതുതാൽപര്യ ഹർജിയിലാണു വിശദീകരണം.

പദ്ധതി നടത്തിപ്പുകാരായ അദാനിക്ക് ഇളവനുവദിച്ചതു സംസ്ഥാന താൽപര്യത്തിനു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് ഗൗരവത്തിലെടുത്ത് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷനെ അന്വേഷണത്തിനു നിയമിച്ചതായി സർക്കാർ വിശദീകരിച്ചു. കമ്മിഷൻ കൊച്ചിയിൽ സിറ്റിങ്ങിനു സൗകര്യം ആവശ്യപ്പെട്ടതിനെ തുടർന്ന് സൗകര്യപ്രദമായ സ്ഥലത്തു സിറ്റിങ് അനുവദിച്ചിട്ടുണ്ട്. കമ്മിഷൻ റിപ്പോർട്ട് നൽകിയാലുടൻ സർക്കാർ നടപടിയെടുക്കുമെന്നും ഫിഷറീസ് അണ്ടർ സെക്രട്ടറി പി.ടി. ജോയ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

അന്വേഷണ കമ്മിഷൻ പിരിച്ചുവിടണമെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിക്കരുതെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കോടതി നോട്ടിസ് നൽകിയില്ലെങ്കിലും ഉമ്മൻചാണ്ടി സ്വമേധയാ സത്യവാങ്മൂലം നൽകുകയായിരുന്നു.