വിഴിഞ്ഞം പദ്ധതി: ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞു, സമയബന്ധിതമായി തീർക്കും

assembly-pinarayi-vijayan-speaking
SHARE

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി എന്നു പൂർത്തിയാകുമെന്ന ചോദ്യത്തിനു നിയമസഭയിൽ മറുപടിയില്ലാതെ സർക്കാർ. തുറമുഖ മന്ത്രിയുടെ നേതൃത്വത്തിൽ എത്ര അവലോകന യോഗങ്ങൾ വിളിച്ചിട്ടുണ്ടെന്ന പ്രതിപക്ഷ ചോദ്യത്തിനും മറുപടി ലഭിച്ചില്ല. വിഴിഞ്ഞം പദ്ധതി  ഡിസംബറിൽ പൂർത്തിയാക്കുമെന്നായിരുന്നു കരാറിലെ ധാരണ.

പദ്ധതി പുരോഗതിയെപ്പറ്റിയുള്ള ചോദ്യത്തിന്, ഓഖി മൂലമുള്ള നഷ്ടങ്ങളും പാറക്ഷാമവുമായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മറുപടി. പദ്ധതി എന്നു പൂർത്തിയാകുമെന്ന ചോദ്യത്തിനു മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. എം. വിൻസെന്റ് എംഎൽ എയ്ക്കു ചോദ്യത്തിന് അവസരം നൽകാതെ സ്പീക്കർ അടുത്ത ചോദ്യത്തിലേക്കു കടന്നതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിനിടെ വി.പി. സജീന്ദ്രൻ എംഎൽഎ മോശം പരാമർശം നടത്തിയതിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇവരെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവ് തയാറാകണമെന്നും ആവശ്യപ്പെട്ടു.

ബഹളം വീണ്ടും മുറുകിയതോടെ, പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‌പാറക്ഷാമം പരിഹരിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്വാറികളിൽ നിന്നുള്ള പാറയുടെ നിശ്ചിത ഭാഗം പദ്ധതിക്കായി മാറ്റിവയ്ക്കണം. ഫെബ്രുവരിയിൽ കടൽമാർഗം മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പാറ എത്തിക്കും. തുറമുഖത്തേക്കു റെയിൽ പാത നിർമിക്കാൻ കൊങ്കൺ റെയിൽവേ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA