ട്രെയിനുകൾ ഇഴയുന്നു; യാത്രക്കാരു‍ടെ ദുരിതം കാണാതെ കണ്ണടച്ച് റെയിൽവേ

കൊച്ചി ∙ ട്രെയിനുകളെല്ലാം തുടർച്ചയായി വൈകിയോടിയിട്ടും യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ ചെറുവിരലനക്കാതെ റെയിൽവേ. ഓട്ടം തികയ്ക്കാൻ ഇപ്പോഴുള്ള സമയം പോരെന്ന കാരണം പറഞ്ഞു സമയം മാറ്റിയ തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് ഇപ്പോഴും അരമണിക്കൂർ വൈകിയാണ് എറണാകുളത്ത് എത്തുന്നത്. ഒക്ടോബറിൽ ആകെ രണ്ടു ദിവസമാണു ട്രെയിൻ കൃത്യസമയം പാലിച്ചത്.

വേണാടിന്റെ അതേ ഗതിയാണു കേരളത്തിലോടുന്ന മറ്റ് പ്രധാന ട്രെയിനുകൾക്കും. മുൻകൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിൽ (നോമിനേറ്റഡ് ക്രോസിങ് സ്റ്റേഷൻ) മാത്രമേ ക്രോസിങ് നടത്തൂ എന്ന ഓപ്പറേറ്റിങ് വിഭാഗത്തിന്റെ പിടിവാശിയാണു യാത്രക്കാർ വഴിയിൽ കുടുങ്ങാൻ ഇടയാക്കുന്നത്. ഓഫിസുകളിലും ആശുപത്രികളിലും സമയത്ത് എത്താനോ അഭിമുഖപ്പരീക്ഷകൾക്കു ഹാജരാകാനോ കഴിയാതെ വലയുകയാണു ജനം.

പാസഞ്ചർ വൈകുമെന്നു പറഞ്ഞ് അധിക നിരക്കു നൽകി എക്സ്പ്രസിൽ ടിക്കറ്റ് എടുക്കുന്നവർക്കു പാസഞ്ചറിനു പിന്നിൽ എക്സ്പ്രസ് ഇഴയുന്നതാണു കാണേണ്ടി വരുന്നത്. ക്രോസിങ് സ്റ്റേഷനിൽ നിശ്ചയിച്ച സമയത്ത് രണ്ടു ട്രെയിൻ ഓടിയെത്തുന്നില്ലെങ്കിൽ ആദ്യമെത്തുന്നതിനെ എതിർദിശയിൽ വരുന്നതിനുവേണ്ടി അനന്തമായി പിടിച്ചിടുകയാണിപ്പോൾ. ആദ്യംവന്ന ട്രെയിൻ അടുത്ത സ്റ്റേഷനിലേക്കു വിട്ട് ക്രോസിങ് അവിടേക്കു മാറ്റാമെന്ന സാമാന്യ യുക്തിപോലും പ്രയോഗിക്കുന്നില്ല. ഇതിനാൽ എതിരേ വരുന്ന ട്രെയിൻ ഒന്നരമണിക്കൂറു വൈകിയാലും ആദ്യമെത്തിയതു കാത്തുകിടക്കേണ്ട അവസ്ഥയാണ്.

റൂൾ ബുക്കിൽ എഴുതിയതു അനുസരിച്ചേ തങ്ങൾ ജോലി ചെയ്യൂ എന്ന ചിലരുടെ പിടിവാശി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് ആരോപണം. രണ്ടു വർഷം മുൻപു രാജേഷ് അഗർവാൾ എന്ന ഡിആർഎമ്മിന്റെ കാലത്ത്, സാമാന്യബുദ്ധി ഉപയോഗിച്ചു ക്രോസിങ് നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതിയുണ്ടായിരുന്നു. അന്നു ട്രെയിനുകൾ വഴിയിൽ കിടക്കില്ലായിരുന്നു.

എന്തുകൊണ്ട് ഇപ്പോൾ ട്രെയിനുകൾ വൈകിയോടുന്നുവെന്നു ചോദിച്ചാൽ, കോട്ടയം റൂട്ടിൽ ഇരട്ടപ്പാതയില്ല, അറ്റകുറ്റപ്പണി, വേഗനിയന്ത്രണം എന്നീ പതിവു മറുപടികളാണ് ലഭിക്കുക. എന്നാൽ, പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള തിരുവനന്തപുരം-ചങ്ങനാശേരി റൂട്ടിൽപോലും ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നില്ല. ശാസ്താംകോട്ടയിൽ അനുവദിച്ച സ്റ്റോപ്പാണ് വേണാട് വൈകാൻ ഇടയാക്കുന്നതെന്നാണു മറ്റൊരു ന്യായീകരണം. എന്നാൽ, മിക്ക ദിവസവും വേണാട് കൊല്ലത്ത് എത്തുന്നത് 15 മുതൽ 30 വരെ മിനിറ്റ് വൈകിയാണ്. യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്നുതന്നെ ട്രെയിനുകൾ വൈകുന്ന സ്ഥിതിയാണു ഡിവിഷനിലുള്ളത്. തിരുവനന്തപുരം മുതൽ ചങ്ങനാശേരി വരെ നിർമാണ വിഭാഗത്തിന്റെ വേഗനിയന്ത്രണമില്ല. തങ്ങളുടെ കഴിവുകേടു മറച്ചുവച്ച് അറ്റകുറ്റപ്പണിയുടെ േപരുപറഞ്ഞു രക്ഷപ്പെടുകയാണ് റെയിൽവേ ചെയ്യുന്നത്.

വൈകിയേ ഓടൂ എന്ന വാശി

∙ കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ് (16316) ദിവസവും കൊച്ചുവേളിയിൽനിന്നു പുറപ്പെടുക വൈകിട്ട് 4.45ന്. സമയക്രമം അനുസരിച്ചു കായംകുളത്തു 6.30ന് എത്തണം. കൊല്ലത്തു മാത്രമാണ് ഇതിനിടയിൽ സ്റ്റോപ്പുള്ളത്. എന്നാൽ, ഏഴുമണി കഴിയാതെ ട്രെയിൻ കായംകുളത്ത് എത്താറില്ല. പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള റൂട്ടിൽ 51 മിനിറ്റാണു ശരാശരി വൈകിയോടുന്നത്. സ്റ്റോപ്പില്ലാത്ത ആറു സ്റ്റേഷനിൽ ട്രെയിൻ ഇടയ്ക്കു പിടിച്ചിടും. 4.45നു പുറപ്പെടുന്ന ട്രെയിൻ കൃത്യസമയത്തു ഓടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ 5.15നു പുറപ്പെടുന്ന തരത്തിൽ സമയം പുനഃക്രമീകരിക്കുകയാണു വേണ്ടതെന്ന് യാത്രക്കാർ പറയുന്നു.