Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവിൽ സർവീസ് കോപ്പിയടി: സഫീർ കരീം മറ്റു ചിലരെയും സഹായിച്ചെന്ന് സംശയം

Safeer Karim സഫീർ കരീം

ചെന്നൈ ∙ സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്കു പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീം മറ്റു ചിലരെയും ഇതേ മാതൃകയിൽ കോപ്പിയടിക്കു സഹായിച്ചെന്ന് അന്വേഷണ സംഘം. ഇതേക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ സഫീറിനെയും സുഹൃത്ത് ഡോ. രാംബാബുവിനെയും ചോദ്യംചെയ്യലിനു വിട്ടുകിട്ടാൻ കോടതിയിൽ ഹർജി നൽകും. കൂടുതൽ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

സഫീറിന്റെ സിവിൽ സർവീസ് പരിശീലന സ്ഥാപനത്തിനു തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ശാഖകളുണ്ട്. മറ്റു പരിശീലന കേന്ദ്രങ്ങളെക്കാൾ ഉയർന്ന തുകയാണ് ഇവിടെ ഈടാക്കിയിരുന്നത്. പരിശോധനയിൽ പൊലീസ് പിടിച്ചെടുത്ത 11 മൊബൈൽ ഫോണുകൾ, ടാബ്‌ലറ്റ് കംപ്യൂട്ടർ, ലാപ്ടോപ്, നാലു ഹാർഡ് ഡിസ്കുകൾ, ഒരു പെൻഡ്രൈവ് എന്നിവ ഫൊറൻസിക് പരിശോധനയ്ക്കു മൈലാപ്പൂരിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. സമാനരീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിലും അപ്പോൾ വ്യക്തതയാകും.

അതേസമയം, നേരത്തേ കരുതിയതുപോലെ സഫീർ പരീക്ഷാ ഹാളിലേക്കു മൊബൈൽ ഫോൺ കൊണ്ടുപോയിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഒന്നര കിലോമീറ്റർ പരിധിയിൽവരെ പ്രവർത്തിക്കുന്ന വയർലെസ് മോഡം ഉപയോഗിച്ചാണ് ഭാര്യയ്ക്കു ചോദ്യക്കടലാസ് അയച്ചുകൊടുത്തത്.