Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭിഷിക്തനായി

mar-sebastian-vaniappurackal സിറോ മലബാർ സഭയുടെ കൂരിയ മെത്രാനായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ അഭിഷിക്തനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനു സ്നേഹചുംബനം നൽകുന്ന മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ സമീപം. ചിത്രം: മനോരമ

കാഞ്ഞിരപ്പള്ളി ∙ പ്രാർഥനകളാൽ ധന്യമായ നിമിഷത്തിൽ സിറോ മലബാർ സഭയുടെ കൂരിയ മെത്രാനായി മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭിഷിക്തനായി. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരുന്നു. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പു വണക്കത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്.

ശുശ്രൂഷകളുടെ ആരംഭത്തിൽ സിറോ മലബാർ സഭ കൂരിയ ചാൻസലർ ഫാ. ഡോ. ആന്റണി കൊള്ളന്നൂർ നിയമന ഉത്തരവ് വായിച്ചു. നിയുക്തമെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശ്വാസപ്രതിജ്ഞ നടത്തിയതിനെ തുടർന്ന് സഹകാർമികരായ ബിഷപ്പുമാർ നിയുക്തമെത്രാന്റെ ചുമലിൽ ശോശപ്പ വിരിച്ച് സുവിശേഷഗ്രന്ഥം വച്ചു. പ്രധാനകാർമികന്റെ കൈവയ്പ് ശുശ്രൂഷകൾക്കു ശേഷം അഭിഷക്തനായ ബിഷപ് ഔദ്യോഗിക റജിസ്റ്ററിൽ ഒപ്പുവച്ചു.

തുടർന്ന് മേജർ ആർച്ച്ബിഷപ് കൈമാറിയ കൈസ്ലീവാ ഉപയോഗിച്ച് സ്ലീവാ ചുംബനം നടത്തിയശേഷം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കുർബാന അർപ്പിച്ചു. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം വചനസന്ദേശം നൽകി. വത്തിക്കാൻ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർഡോ സാന്ദ്രിയുടെ ആശംസ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രൈബ്യൂണൽ പ്രസിഡന്റും സിറോ മലബാർ സഭ പോസ്റ്റ്‌ലേറ്റർ ജനറലുമായ ഫാ. ഡോ. ജോസ് ചിറമ്മേൽ വായിച്ചു. മാർ സെബാസ്റ്റ്യന്റെ ജ്യേഷ്ഠൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ തിരുക്കർമ ശുശ്രൂഷകളുടെ ആർച്ച്ഡീക്കനായിരുന്നു.

related stories