ജിഷ്ണു കേസ്: പൊലീസ് മേധാവിയുടെ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം

ന്യൂഡൽഹി ∙ ജിഷ്‌ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടേണ്ടതിന്റെ ആവശ്യം വിശദീകരിച്ചു സംസ്‌ഥാന പൊലീസ് മേധാവി മന്ത്രിസഭയ്‌ക്കു നൽകിയ റിപ്പോർട്ട് രഹസ്യരേഖയായി ഇന്നു ഹാജരാക്കാൻ സുപ്രീം കോടതി സർക്കാരിനോടു നിർദേശിച്ചു. ഷഹീർ ഷൗക്കത്തലിയെന്ന വിദ്യാർഥിക്കു മർദനമേറ്റതു സംബന്ധിച്ച കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്‌ണദാസ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം ജഡ്‌ജിമാരായ എൻ.വി. രമണ, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് നിരസിച്ചു.

എന്നാൽ, കേരളത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്‌ഥ ഇളവുചെയ്യണമെന്ന കൃഷ്‌ണദാസിന്റെ ആവശ്യവും അംഗീകരിച്ചില്ല. അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ ഹൈക്കോടതി വിധിയിലുള്ള പരാമർശങ്ങൾ കോടതി നീക്കം ചെയ്‌തു. പ്രതികൾക്കു ജാമ്യം നിഷേധിക്കപ്പെടാനെന്നോണം വകുപ്പുകൾ എഴുതിച്ചേർത്തെന്നും മറ്റുമുള്ള പരാമർശങ്ങൾ ശരിയല്ലെന്നും ഹൈക്കോടതി അധികാരപരിധി ലംഘിച്ചെന്നും കേസ് ഡയറി പരിശോധിച്ച് കോടതി വിലയിരുത്തി.

ജിഷ്‌ണുക്കേസ് സിബിഐയ്ക്കു വിടാൻ തീരുമാനിക്കും മുൻപ് പൊലീസ് മേധാവിയുടെ റിപ്പോർട്ടും ജിഷ്‌ണുവിന്റെ പിതാവ് നൽകിയ കത്തും സർക്കാർ പരിഗണിച്ചെന്ന് അമരീന്ദർ ശരണും സ്‌റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയും വാദിച്ചു. പൊലീസ് അന്വേഷണം തൃപ്‌തികരമല്ലായിരുന്നുവെന്നു ജിഷ്‌ണുവിന്റെ അമ്മ കെ.പി. മഹിജയ്‌ക്കു വേണ്ടി ജെയ്‌മോൻ ആൻഡ്രൂസ് വാദിച്ചു.

ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കേണ്ടതാണെന്നു കോടതി വാക്കാൽ പറഞ്ഞു. കേസ് ഇന്നു വീണ്ടും പരിഗണിക്കും. കൃഷ്‌ണദാസിനു വേണ്ടി രഞ്‌ജിത്കുമാറും കെ. രാജീവും സിബിഐയ്ക്കു വേണ്ടി രാജീവ് നന്ദയും നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ. ശക്‌തിവേലിനു വേണ്ടി കെ.വി. വിശ്വനാഥനും രഞ്‌ജിത് മാരാരും ഹാജരായി.